നാദാപുരം: ടൗണിൽ തലചുറ്റി വീണ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോ വിളിച്ചപ്പോൾ പോകാൻ വിസമ്മതിച്ചതായി പരാതി. നാദാപുരം ടൗണിൽനിന്ന് കല്ലാച്ചിക്ക് ഷട്ടിൽ സർവിസ് നടത്തുന്ന ഓട്ടോകളാണ് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ചതെന്ന് ആക്ഷേപമുയർന്നത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്ത്രീ കുഴഞ്ഞുവീണപ്പോൾ നാട്ടുകാർ കല്ലാച്ചി ട്രിപ് പോകാൻ നിർത്തിയിട്ട ഓട്ടോ വിളിച്ചു. ഇയാൾ പോകാൻ കൂട്ടാക്കിയില്ല. പിന്നിൽ നിർത്തിയ ഓട്ടോകളും ഇതേ സമീപനം സ്വീകരിച്ചതോടെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ വാക്കേറ്റവും സംഘർഷവും നടന്നു. ഈ സമയം ടൗണിൽ ട്രാഫിക് പൊലീസുകാരടക്കം ഉണ്ടായിട്ടും ഇടപെട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സ്ത്രീയെ പിന്നീട് മറ്റു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. തങ്ങൾ ഷട്ടിൽ സർവിസ് നടത്തുന്ന ഓട്ടോകളാണെന്നും മറ്റു ഓട്ടോകളെ വിളിക്കാനുമാണ് ഡ്രൈവർമാർ അറിയിച്ചത്. ടെലിഫോൺ എക്സ്ചേഞ്ച് -പൂച്ചക്കൂൽ റോഡിലാണ് കല്ലാച്ചിയിലേക്ക് ഷട്ടിൽ സർവിസ് നടത്തുന്ന ഓട്ടോകൾ പാർക്കിങ് നടത്തുന്നത്. എന്നാൽ, ഇങ്ങനെയൊരു പാർക്കിങ്ങിന് ആർ.ടി.ഒയുടെ അനുമതിയില്ല. എന്നാൽ, രണ്ടോ മൂന്നോ ഓട്ടോകളുടെ പാർക്കിങ്ങിന് പൊലീസിെൻറ വാക്കാൽ അനുമതിയുണ്ടെന്നാണ് പറയുന്നത്. ഇതിെൻറ മറവിലാണ് ഇരുപതോളം ഓട്ടോകൾ ഒന്നിച്ച് റോഡ് ഓട്ടോ സ്റ്റാൻഡാക്കി മാറ്റിയതെന്ന് പരാതിയുണ്ട്. അനധികൃത പാർക്കിങ്ങിനും ഓട്ടോകളുടെ ധിക്കാര നിലപാടിനുമെതിരെ നാട്ടുകാർ ഒപ്പുശേഖരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.