കോഴിക്കോട്: ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിറക്കിയ ഉത്തരവ് മിക്ക ഗ്രാമപഞ്ചായത്തുകളും പാലിച്ചില്ല. െസപ്റ്റംബർ 15നകം വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ ജൈവ മാലിന്യ സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ഉത്തരവാണ് ഗ്രാമപഞ്ചായത്തുകളുടെ 'ഒച്ചുവേഗത' കാരണം നീളുന്നത്. സർക്കാർ ഉത്തരവിറങ്ങിയിട്ടും ഗ്രാമപഞ്ചായത്തുകൾ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ഉത്തരവ് നടപ്പാകാഞ്ഞത്. തദ്ദേശ സ്ഥാപന പരിധിയിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ തരംതിരിച്ച് ജൈവമായവ ഉറവിടത്തിൽ സംസ്കരിക്കുന്നതിന് ബയോബിൻ, എയ്റോബിക് ബിൻ, ബയോഗ്യാസ് പോലുള്ള അനുയോജ്യ സംവിധാനം ഒരുക്കണമെന്നാണ് ജൂലൈ 22ന് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. മാത്രമല്ല, സെപ്റ്റംബർ 15നകം സംസ്കരണ യൂനിറ്റുകൾ ഒരുക്കാത്ത സ്ഥാപനങ്ങളുടെ ഡേഞ്ചറസ് ആൻഡ് ഒഫൻസിവ് (ഡി ആൻഡ് ഒ) ലൈസൻസ് പഞ്ചായത്തീരാജ് ആക്ട് -1994 അനുസരിച്ച് റദ്ദാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടിയെടുക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ, ഉത്തരവിറങ്ങി ഒരുമാസത്തോളം കഴിഞ്ഞാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നടപടിയാരംഭിച്ചത്. എല്ലാ തിങ്കളാഴ്ചയും അതുവെര നടന്ന പ്രവർത്തനങ്ങൾ അറിയിക്കണമെന്ന നിർദേശവും പല പഞ്ചായത്തുകളും അവഗണിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി ഹോട്ടലുകൾ, ക്ലബുകൾ, കല്യാണ മണ്ഡപങ്ങൾ, വിവാഹ ഹാളുകൾ, കാറ്റിറിങ് യൂനിറ്റുകൾ, പഴം-പച്ചക്കറി വിൽപനശാലകൾ, മത്സ്യ-മാംസ സ്റ്റാളുകൾ തുടങ്ങിയ സ്ഥാപന പ്രതിനിധികളുടെ യോഗം വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും പലയിടത്തും പഞ്ചായത്തുതല യോഗം നടന്നത് ആഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവാരത്തിലുമാണ്. കവലകൾ കേന്ദ്രീകരിച്ചുള്ള വ്യാപാരികളുടെ യോഗം പലയിടത്തും ഇപ്പോൾ പുരോഗമിക്കുന്നേയുള്ളൂ. പഞ്ചായത്ത് അധികൃതർ വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിന് മൂന്നുമാസമെങ്കിലും സമയം അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഇതോടെയാണ് ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നത് ഇനിയും ൈവകുമെന്നുറപ്പായത്. പുതുതായി ഡി.ആൻഡ് ഒ ലൈസൻസിന് അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിച്ചശേഷമേ ലൈസൻസ് അനുവദിക്കാവൂ എന്നും നിലവിലുള്ളതും ഡി ആൻഡ് ഒ ലൈസൻസ് പുതുതായി ലഭിച്ചതുമായ സ്ഥാപനങ്ങളുടെ വാർഡ് തിരിച്ചുള്ള പട്ടിക തയാറാക്കി പരിശോധന നടത്തണം എന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാലിതും പലയിടത്തും നടപ്പായിട്ടില്ല. പാർപ്പിട പദ്ധതി 'ലൈഫി'െൻറ ഗുണഭോക്തൃ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാരണമാണ് ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നടപടികൾ വൈകിയതെന്നാണ് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഉത്തരവ് നടപ്പാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ പഞ്ചായത്തുകൾ തദ്ദേശ വകുപ്പിന് കത്തയച്ചുണ്ട്. -കെ.ടി. വിബീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.