ഈ മാലാഖമാരുടെ ദുരിതം കാണാൻ ആരുമില്ല

വടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് നഴ്സുമാർ ദുരിതത്തിൽ. മാറാരോഗങ്ങളാലും മറ്റും നിത്യദുരിതം പേറുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമാവുന്ന പാലിയേറ്റിവ് നഴ്സുമാരാണ് കഷ്ടതകൾക്കിടയിൽ ജീവിതം തള്ളിനീക്കുന്നത്. പരിമിതമായ ശമ്പളമുള്ള ഇവർക്ക് ഇക്കഴിഞ്ഞ നാലുമാസത്തെ തുക കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഓണത്തിനുപോലും വേതനം ലഭിക്കാത്ത സാഹചര്യം പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാധാരണഗതിയിൽ സർക്കാർ ആശുപത്രിയിലെ നഴ്സ്ുമാരെക്കാൾ ഭാരിച്ച തൊഴിൽ ചെയ്യുന്നവരാണ് പാലിയേറ്റിവ് രംഗത്തുള്ളത്. എന്നാൽ, പ്രതിമാസം 10,000 രൂപ മാത്രമാണിവർക്ക് ലഭിക്കുന്നത്. ഇതുതന്നെ, സമയബന്ധിതമായി ലഭിക്കാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്തുകളിൽ ഒരാളെയും നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ മൂന്നോ അതിലധികമോ പേരെയുമാണ് ഇൗ തസ്തികയിൽ നിയമിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്താകെ ആയിരത്തിലേറെ പേരുണ്ട്. പാലിയേറ്റിവ് രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ പ്രത്യേക കോഴ്സ് കഴിഞ്ഞ ശേഷമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ആഴ്ചയിൽ നാലു ദിവസം വീടുകളിലെത്തി കിടപ്പുരോഗികളെ പരിചരിക്കും. ബാക്കി ദിവസം പഞ്ചായത്തുകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ അതത് സർക്കാർ ആശുപത്രികളിലും ജോലി ചെയ്യും. പലപ്പോഴും വലിയ ദുരിതത്തിൽ കഴിയുന്നവരെയാണ് വീടുകളിലെത്തി പരിചരിക്കുന്നത്. ചിലയിടത്ത് കുടുംബാംഗങ്ങൾക്കു പോലും വേണ്ടത്ര പരിചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം നഴ്സുമാർ അനുഗ്രഹംതന്നെയാണ്. ഇവർ ഏതെങ്കിലും സാഹചര്യത്തിൽ അവധിയെടുത്താൽ ആ ദിവസത്തെ കൂലി കിട്ടില്ല. കിടപ്പുരോഗികളാണ് പാലിയേറ്റിവ് നഴ്സുമാരുടെ സേവനത്തി‍​െൻറ പ്രധാന ഗുണഭോക്താക്കൾ. കിടപ്പുരോഗികളുടെ കണ്ണീരൊപ്പുമ്പോഴും നഴ്സുമാരുടെ ദുരിതം കാണാൻ ആരുമില്ലെന്നാണ് ആക്ഷേപം. ഇതിനുപുറമെ വർഷത്തിലൊരിക്കൽ കിടപ്പുരോഗികൾക്ക് മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ക്യാമ്പ് നടത്തണമെന്ന് നിബന്ധനയുണ്ട്. ഇതിനായി സർക്കാർ അനുവദിക്കുന്നത് 20,000 രൂപ മാത്രമാണ്. പൊതു ഫണ്ടുകൾ കണ്ടെത്തിയാണ് ഇത്തരം പരിപാടികൾ നന്നായി നടത്തുന്നത്. ഈ സർക്കാർ നഴ്സുമാരുടെ ശമ്പളത്തിന് തത്തുല്യമായി ഇവരുടെ വേതനം ഉയർത്തണമെന്ന് യുവജനതാദൾ കോഴിക്കോട് ജില്ല മുൻ സെക്രട്ടറിയും ജെ.ഡി.യു നിയോജക മണ്ഡലം സെക്രട്ടറിയുമായ പ്രസാദ് വിലങ്ങിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.