അവഗണന; കായികാധ്യാപകർ സമരത്തിനൊരുങ്ങുന്നു

വടകര: അവഗണനക്കെതിരെ സമരത്തിനൊരുങ്ങുകയാണ് സംസ്ഥാനത്തെ സ്കൂൾ കായികാധ്യാപകർ. വരാനിരിക്കുന്ന സ്കൂൾ മേളകൾ ബഹിഷ്കരിച്ചുള്ള സമരമാണ് ആദ്യഘട്ടത്തിൽ നടക്കുക. സർക്കാർ, എയ്ഡഡ് മേഖലകളിലെ കായിക അധ്യാപക സംഘടനകൾ ഒരുമിച്ചാണ് സമരത്തിനിറങ്ങുന്നത്. നിരവധി പ്രശ്നങ്ങളാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. പല സ്കൂളുകളിലും ഒരു കായികാധ്യാപകൻ മാത്രമാണുള്ളത്. യു.പി വിഭാഗത്തിൽ 500 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ മറ്റു സ്പെഷലിസ്റ്റ് അധ്യാപകരില്ലെങ്കിൽ മാത്രമേ അവിടെ ഒരു കായികാധ്യാപകനുണ്ടാവുകയുള്ളൂ. ഹൈസ്കൂളുകളിൽ എത്ര കുട്ടികളുണ്ടെങ്കിലും ഒരു കായികാധ്യാപകൻ മാത്രമേയുള്ളൂ. ഹയർ സെക്കൻഡറിയിൽ കായികാധ്യാപകനെ ഇതുവരെ നിയമിച്ചിട്ടില്ല. എന്നാൽ, കായിക വിദ്യാഭ്യാസത്തിനായി അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പ്രത്യേക സിലബസും പുസ്തകവും ഉണ്ടിപ്പോൾ. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ മൂന്നു പീരിയഡ് വീതവും എട്ടാം ക്ലാസിൽ രണ്ട് പീരിയഡും ഒമ്പത്, 10 ക്ലാസുകളിൽ ഒരു പീരിയഡുമാണ് കായികാധ്യാപകർ കൈകാര്യം ചെയ്യേണ്ടത്. സിലബസിനനുസരിച്ച് പഠിപ്പിച്ച് പരീക്ഷകൾ നടത്തണം. പ്രാക്ടിക്കൽ പരീക്ഷയും വേണം. ഇതിനുപുറമെ ഹയർ സെക്കൻഡറിയുടെ കാര്യങ്ങൾകൂടി നോക്കണം. ഇവയെല്ലാം നല്ല രീതിയിൽ നടക്കണമെങ്കിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള കായികാധ്യാപകർ ആവശ്യമാണ്. ഇരട്ടി ജോലിചെയ്യുമ്പോഴും ഹൈസ്കൂളിൽ പ്രൈമറി സ്കൂൾ അധ്യാപക​െൻറ ശമ്പളമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ്, പീരിയഡിനനുസരിച്ച് തസ്തികകൾ സൃഷ്ടിക്കുക, ഹൈസ്കൂൾ കായികാധ്യാപകർക്ക് ഹൈസ്കൂൾ അധ്യാപകർക്കുള്ള ശമ്പളം നൽകുക, കുട്ടികൾ കുറയുന്നിടത്ത് മറ്റധ്യാപകരെ സംരക്ഷിക്കുന്നതുപോലെ കായികാധ്യാപകരെയും പരിഗണിക്കുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപക തസ്തിക സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകർ സമരത്തിനൊരുങ്ങുന്നത്. ഈ സമരം സർവിസ് ചട്ടത്തി​െൻറ ലംഘനമല്ലെന്നും അധികസേവനങ്ങൾ അവസാനിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പറയുന്നു. ജീവിതശൈലീ രോഗങ്ങളുൾപ്പെടെ വ്യാപകമായ സാഹചര്യത്തിൽ കായിക മേഖലയുടെ പ്രാധാന്യം വർധിക്കുകയാണെന്നും അധികൃതർ അധ്യാപകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഡിപ്പാർട്മ​െൻറൽ കായിക അധ്യാപക സംഘടന മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.എച്ച്. അബ്ദുൽ മജീദ് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.