ജീവനക്കാരെ മർദിച്ചവരെ അറസ്​റ്റ്​ ചെയ്തില്ല; കുറ്റ്യാടി^കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി

ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്തില്ല; കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി പേരാമ്പ്ര: ബസ് ജീവനക്കാരനെ മർദിച്ച കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തി. സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് ലഭിക്കാത്തതിനാൽ ഈ റൂട്ടിലെ യാത്രക്കാർ ബസ്സ്റ്റോപ്പിൽ എത്തിയ ശേഷമാണ് പണിമുടക്ക് അറിയുന്നത്. പലരും ദുരിതത്തിലായി. പിന്നീട് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തി യാത്രാദുരിതം ഒരു പരിധിവരെ പരിഹരിച്ചു. വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർനില വളരെ കുറവായിരുന്നു. കഴിഞ്ഞ രണ്ടാം ശനിയാഴ്ചയാണ് പേരാമ്പ്രയിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. കല്ലോട് പാരലൽ കോളജിലെ വിദ്യാർഥികൾ പേരാമ്പ്ര മാർക്കറ്റിനു സമീപം ഈ റൂട്ടിലെ ബി.ടി.സി ബസ് തടയുകയും ഡ്രൈവർ പ്രജീഷിനെ (34) മർദിക്കുകയും ചെയ്തെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെന്നു ജീവനക്കാർ പറയുന്നു. ബസ് ജീവനക്കാരുമായി പേരാമ്പ്ര സി.ഐ നടത്തിയ ചർച്ചയിൽ ഈ ശനിയാഴ്ചക്ക് മുമ്പ് പ്രതികളെ പിടിക്കുമെന്ന് പറഞ്ഞിരുന്നത്രെ, ഇത് പാലിക്കാത്തതിനെ തുടർന്നാണ് പണിമുടക്ക്. 10 ദിവസത്തിനു ശേഷവും പ്രതികളെ പിടികൂടിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഒരു വിദ്യാർഥിനിയോട് ജീവനക്കാർ അപമര്യാദയായി പെരുമാറുകയും ഇത് അന്വേഷിക്കാനെത്തിയ വിദ്യാർഥികളെ വിജന സ്ഥലത്ത് കൊണ്ടുപോയി ബസ് ജീവനക്കാർ മർദിക്കുകയുമായിരുന്നുവെന്നാണ് വിദ്യാർഥികളുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.