ഗെയിൽ: കണ്ണാടിപ്പൊയിൽ തയ്യംപൊയിൽ ഭാഗത്ത്​ പ്രതിഷേധം

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ തച്ചംപൊയിൽ ഭാഗത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം. പനങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട തച്ചംപൊയിൽ ആപ്പാട്ടിൽ ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ കൂടിയാണ് വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ മരങ്ങൾ മുറിച്ച് മണ്ണ് നീക്കുന്നത്. സമീപത്തെ വീട്ടുകാരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയർന്നത്. വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ മണ്ണ് നീക്കിയ ഭാഗത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തൽ കെട്ടി കുത്തിയിരിപ്പ് നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം. തിങ്കളാഴ്ച രാവിലെ മണ്ണ് നീക്കാനെത്തിയ മണ്ണുമാന്തി പ്രവർത്തനം നടത്താതെ മടങ്ങുകയായിരുന്നു. വാതക പൈപ്പ് ലൈനിനായി മാർക്കിട്ട സ്ഥലങ്ങളിൽ തച്ചംപൊയിൽ ജുമാമസ്ജിദും രണ്ടു മദ്റസകളും ഇംഗ്ലീഷ് മീഡിയം സ്കൂളും പ്രവർത്തിക്കുന്നുണ്ട്. തച്ചംപൊയിൽ പ്രഭാകരൻ നായർ, വിജയ മുസ്തഫ, ഒരുയോത്ത് അബൂബക്കർ ഹാജി, ഇബ്രാഹിം ഹാജി, ചോയി മഠത്തിൽ ഗഫൂർ, റഷീദ്, മഠത്തിൽ സാലി, ഫൈസൽ എന്നിവരുടെ സ്ഥലത്തുകൂടി പോകുന്ന പൈപ്പ് ലൈനിൽ ചില വീടുകളുടെ മുൻ ഭാഗവും പിൻഭാഗവും ഉൾപ്പെടുന്നു. വാർഡംഗം ലത്തീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ ചർച്ചയിൽ വീട്ടുകാരുടെ ആശങ്കകൾ പരിഹരിച്ചശേഷമേ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കൂവെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതേതുടർന്ന് പ്രതിഷേധം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.