തിരിച്ചെത്തുന്ന പ്രവാസികൾക്കായി പുനരധിവാസപദ്ധതി നടപ്പാക്കും -മന്ത്രി ബാലൻ കോഴിക്കോട്: സംസ്ഥാന പിന്നാക്കവിഭാഗവികസന കോർപറേഷനുകീഴിൽ (കെ.എസ്.ബി.സി.ഡി.സി) തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസപദ്ധതിയിലൂടെ 20 ലക്ഷം രൂപ വായ്പ നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ആറുമുതൽ എട്ടു ശതമാനം വരെയായിരിക്കും പലിശനിരക്ക്. ഇതിൽ മൂന്ന് ലക്ഷം രൂപ സബ്സിഡി ഒഴിവാക്കി 17 ലക്ഷം തിരിച്ചടച്ചാൽ മതി. ആദ്യത്തെ നാലുവർഷം മൂന്ന് ശതമാനം മാത്രമായിരിക്കും പലിശയെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ബി.സി.ഡി.സിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ നിർധനരായ വിദ്യാർഥികൾക്ക് വീടിനോട് ചേർന്ന് രണ്ട് ലക്ഷം ചെലവിട്ട് പഠനമുറി നിർമിക്കുന്ന പദ്ധതിയും കോർപറേഷനുകീഴിൽ ഒരുങ്ങുന്നുണ്ട്. ഇത്തരത്തിൽ 20,000 പഠനമുറികൾ ഒരുക്കുന്നതിനുള്ള നടപടി തുടങ്ങി. ആദിവാസി ഊരുകളിൽ കമ്യൂണിറ്റി പഠനമുറിയായിരിക്കും നിർമിക്കുക. പോഷകാഹാരക്കുറവുകൊണ്ട് ഒരു കുട്ടിയും മരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജനിതക പ്രശ്നം കൊണ്ടാണ് മരിച്ചത്. ആദിവാസിവിദ്യാർഥികളിൽ കൊഴിഞ്ഞുപോക്ക് പ്രധാന പ്രശ്നമാണ്. കുട്ടിയുടെ മലയാളവും അധ്യാപകെൻറ മലയാളവും തമ്മിലുള്ള വ്യത്യാസം കൊണ്ടാണിത്. അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതിയിലൂടെ ഈ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.സി.ഡി.സി ന്യൂസ്ലെറ്റർ ദിശയുടെ പ്രകാശനം എം.കെ. മുനീർ എം.എൽ.എക്ക് നൽകി മന്ത്രി നിർവഹിച്ചു. പ്ലസ്ടുവിൽ 100 ശതമാനം മാർക്ക് നേടിയ സി. ഫൈസ(കണ്ണൂർ), അഫീഫ യാസ്മിൻ (മലപ്പുറം), ഫുൾ എ പ്ലസ് നേടിയ ഇരട്ടകളായ നാസില, നാജില (കോഴിക്കോട്) എന്നിവർക്ക് മന്ത്രി സ്കോളർഷിപ് സമ്മാനിച്ചു. ജില്ലയിലെ 270 പേർക്കാണ് സ്കോളർഷിപ് നൽകിയത്. സംസ്ഥാനത്താകെ 2000 പേർക്ക് ലഭിക്കും. ബി.സി.ഡി.സിയുടെ മൈക്രോക്രെഡിറ്റ് വായ്പ വിതരണം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. 10 സി.ഡി.എസുകൾക്കായി 8.35 കോടി രൂപയാണ് വിതരണം ചെയ്തത്. നവീകരിച്ച വെബ്സൈറ്റ് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി സമർപ്പിച്ചു. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ്, എം.ഡി കെ.ടി. ബാലഭാസ്കർ, പി.എൻ. സുരേഷ്കുമാർ, കൗൺസിലർ അഡ്വ. തോമസ് മാത്യു എന്നിവർ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി ചെയർമാൻ സംഗീത് ചക്രപാണി സ്വാഗതവും ജനറൽ മാനേജർ ബാലകൃഷ്ണൻ ആനക്കൈ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.