എനിക്കെന്നും പ്രിയപ്പെട്ട ഡോക്ടര്‍...

വടകര: പുനത്തിലി​െൻറ അടുപ്പക്കാരില്‍ ഒരാളും അധ്യാപകനും പത്രപ്രവര്‍ത്തകനുമായ ടി. രാജന്‍ മാസ്റ്റര്‍ ഇങ്ങനെ പറയുന്നു- 'പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പരിചയപ്പെടുന്നത് 1973ലാണ്. അടുപ്പമുള്ളവരെല്ലാം കുഞ്ഞിക്കയെന്ന് വിളിക്കുമ്പോഴും ഞാന്‍ ഡോക്ടര്‍ എന്നാണ് വിളിച്ചത്. ഇപ്പോഴും അങ്ങനെത്തന്നെ, എന്നെ മാഷേയെന്നും വിളിച്ചു... എടച്ചേരിയില്‍ സ്വകാര്യ ക്ലിനിക് നടത്തുമ്പോഴാണ് ആദ്യം കാണുന്നത്. സാഹിത്യസമ്മേളനങ്ങളില്‍ വിളിക്കാന്‍പോയ ബന്ധമാണ് പിന്നീട് വളര്‍ന്നത്. സാഹിത്യവും രാഷ്ട്രീയവുമൊക്കെയാണ് അന്നത്തെ പ്രധാന വിഷയം. അത്, രാത്രി 11 മണിവരെ കാണും. അങ്ങനെ പുനത്തിലി​െൻറ വീട്ടിലെ ഒരംഗമായി. രാത്രി ഏറെ വൈകിയാല്‍ അവിടെ തങ്ങുക പതിവായി. അവിടെനിന്നാണ്, മലയാളത്തി​െൻറ പ്രിയ എഴുത്തുകാരെയൊക്കെ അറിയുന്നതും പരിചയപ്പെടുന്നതും. പലരുമായി അടുത്ത ബന്ധമായി. രാത്രിയും രാവിലെയുമാണ് കുഞ്ഞബ്ദുള്ളയുടെ എഴുത്ത്. വൈകീട്ട് ആശുപത്രിയില്‍ നിന്ന് എത്തിയാല്‍ കുളിച്ച് വൃത്തിയായി എഴുത്തിനിരിക്കും. ആദ്യത്തെ എഴുത്ത് ആരെങ്കിലും പകര്‍ത്തിയെഴുതും. ചിലപ്പോെഴാക്കെ ഞാനെഴുതി. സ്മാരകശിലകളുടെ ജോലി 1972-ല്‍ ആരംഭിച്ച് 75-ല്‍ പൂര്‍ത്തിയാക്കി. എഴുത്തിന് ഏകാന്തതയൊന്നും അക്കാലത്ത് ആവശ്യമുണ്ടായിരുന്നില്ല. വീട്ടില്‍ വിരുന്നുകാരുടെയും കുട്ടികളുടെയും ബഹളമുണ്ടായാലും എഴുത്ത് തുടരും. അതിരാവിലെ ഉണരും. ചിലപ്പോള്‍ നാലിനുതന്നെ. കുട്ടിക്കാലേത്തയുള്ള ശീലമാണ്. രാവിലെ സുബ്ഹി നമസ്കാരത്തിനു മുമ്പ് തഹജ്ജുദ് നമസ്കാരമുണ്ട്, മൂന്നരക്ക്. വീട്ടില്‍ താമസിച്ച് പഠിക്കുന്ന മുസ്ലിയാരോടൊപ്പം കുഞ്ഞബ്ദുള്ളയും നിസ്കരിക്കും. കുമ്പിട്ട് തല നിലത്ത് മുട്ടുമ്പോള്‍ ചിലപ്പോള്‍ ഉറങ്ങിപ്പോകും. മുസ്ല്യാര്‍ അടിച്ചെഴുന്നേല്‍പിക്കും. ഈ ജീവിതശൈലി മാറിയത് കോഴിക്കോട്ടെ ഒറ്റയാന്‍ ജീവിതത്തോടെയാണ്. സഹായിക്കാനാണെന്നു പറഞ്ഞ് എത്തിയവര്‍ കുഞ്ഞബ്ദുള്ളയുടെ ചെലവിലായി കുടിയും തീറ്റയും. പുനത്തിലിനെ കേരളം മുഴുവന്‍ കുഞ്ഞിക്കയാക്കിമാറ്റിയത് അക്ബര്‍ കക്കട്ടിലാണെന്നും രാജന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു. കുഞ്ഞബ്ദുള്ളയുമായുള്ള സൗഹൃദത്തെക്കുറിച്ച് സ്ഥിരമായി പറയുന്ന ഒരു തമാശകൂടി രാജന്‍ മാസ്റ്റര്‍ പങ്കുവെച്ചു. 'മാഷ് എന്നെ കമ്യൂണിസ്റ്റ് ആക്കാന്‍ നോക്കി. ഞാന്‍ മാഷെ കമ്യൂണിസ്റ്റ് അല്ലാതാക്കാനും. രണ്ടും നടന്നില്ല'. ഇതില്‍ ചെറിയ നേരുണ്ടെന്നും രാജന്‍ മാസ്റ്റര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.