സമരക്കാർ റോഡ് ഉപരോധിച്ചു കൊടിയത്തൂർ: നിർദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ നടന്നുവരുന്ന സമരത്തെതുടർന്ന് ഗെയിൽ അധികൃതർ തിരിച്ചുപോയി. സമരം ശക്തമായതോടെ രണ്ടാഴ്ചയായി നിർത്തിവെച്ചിരുന്ന പ്രവൃത്തി പുനരാരംഭിക്കുന്നതിനായി ഇന്നലെ വൻ െപാലീസ് സാന്നിധ്യത്തിൽ അധികൃതർ എത്തിയിരുന്നു. എന്നാൽ, മുന്നൂറോളം വരുന്ന സമരക്കാർ എന്തിനും തയാറായി നിലയുറപ്പിച്ചതോടെ െപാലീസിനും ഗെയിൽ അധികൃതർക്കും പിന്മാറേണ്ടി വന്നു. രാവിലെ 10.30 ഓടെയാണ് കോഴിക്കോട് ലാൻഡ് റവന്യൂ തഹസിൽദാർ അനിതകുമാരി, താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റിൻ, മുക്കം എസ്.ഐ കെ.അഭിലാഷ്, താമരശ്ശേരി എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്സംഘം ഗെയിൽ അധികൃതർക്ക് സംരക്ഷണം നൽകാനെത്തിയത്. ഇതാടെ സമരസമിതിപ്രവർത്തകർ കോഴിക്കോട് -മാവൂർ -അരീക്കോട് റോഡിൽ പദ്ധതി പ്രദേശമായ എരഞ്ഞിമാവിൽ റോഡ് ഉപരോധിച്ചു. ഇതേതുടർന്ന് വാഹന ഗതാഗതവും തിരിച്ചുവിടേണ്ടിവന്നു. വെള്ളിയാഴ്ച ആയതിനാൽ സമരക്കാർ നടുറോഡിൽ ജുമുഅ നമസ്കരിക്കുകയും ചെയ്തു. സമരക്കാരെ തടയുന്നതിനും പിരിച്ചുവിടുന്നതിനുമായി വൻ പൊലീസ് സന്നാഹം എത്തിയെങ്കിലും പിരിഞ്ഞുപോകാൻ തയാറായില്ല. വെള്ളിയാഴ്ച ആയതിനാൽ ജുമുഅ നമസ്കാരത്തിനായി സമരക്കാരിൽ പലരും പിരിഞ്ഞുപോകുമെന്ന് കരുതിയിരുന്ന പൊലീസിന് കണക്കുകൂട്ടലുകൾ തെറ്റി. സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നടുറോഡിൽതന്നെ നാട്ടുകാർ നമസ്കരിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പൊലീസ് തിരിച്ചുപോയതോടെയാണ് ഇവർ പിരിഞ്ഞുപോയത്. സി.പി. ചെറിയമുഹമ്മദ്, സി.കെ. കാസിം, ബഷീർ പുതിയോട്ടിൽ, ഗഫൂൽ കുറുമാടൻ, നൗഷാദലി അരിക്കോട്, റൈഹാന ബേബി, മുനീബ് കാരകുന്ന്, കെ.ടി. മൻസൂർ, കൃഷ്ണൻ കുനിയിൽ, സുജ ടോം, ജി. അബ്ദുൽ അക്ബർ, എം.ടി. അഷ്റഫ്, യു.പി. മരക്കാർ, സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ, ടി.കെ.ജാഫർ, ശംസുദ്ദീൻ ചെറുവാടി, ജബ്ബാർ സഖാഫി എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.