പന്തീരാങ്കാവ്: വർഷങ്ങളായി പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയിരുന്ന പന്തീരാങ്കാവിലെ െപാലീസ് സ്റ്റേഷന് ഭരണാനുമതി ലഭിച്ചെങ്കിലും അനുയോജ്യമായ കെട്ടിടം ഇനിയും കണ്ടെത്താനായില്ല. പന്തീരാങ്കാവിലും പെരുമണ്ണ റോഡിലും നിരവധി സ്വകാര്യകെട്ടിടങ്ങൾ പൊലീസും റവന്യൂ, ഗ്രാമ പഞ്ചായത്ത് അധികൃതരും ചേർന്ന് സ്റ്റേഷനായി പരിഗണിച്ചെങ്കിലും അവസാന തീരുമാനത്തിലെത്തിയിട്ടില്ല. നല്ലളം പൊലീസ് സ്റ്റേഷെൻറ വിസ്തൃതമായ പരിധി കാരണം പ്രവർത്തനം കാര്യക്ഷമമാവുന്നില്ലെന്ന വിലയിരുത്തലിനെതുടർന്നാണ് പുതിയ െപാലീസ് സ്റ്റേഷനായുള്ള ആവശ്യമുയർന്നത്. നല്ലളം സ്റ്റേഷനിൽ നിന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള പെരുമൺപുറ, പാറമ്മൽ പാലാഴി ഭാഗങ്ങളിലെത്താൻ സമയമെടുക്കുന്നുണ്ട്. പുതിയ സ്റ്റേഷൻ വരുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. രാമനാട്ടുകര -വെങ്ങളം ബൈപാസിൽ അപകടങ്ങൾക്കോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ഇരയാവുന്നവർക്ക് തുടർനടപടികൾക്കായി വേഗത്തിൽ എത്താവുന്ന െപാലീസ് സ്റ്റേഷനുമില്ല. ഫറോക്ക്, പന്നിയങ്കര, നല്ലളം സ്റ്റേഷനുകളെല്ലാം ഫറോക്ക് - കോഴിക്കോട് പാതയോട് ചേർന്നാണ്. പന്തീരാങ്കാവിൽ സ്റ്റേഷനൊരുക്കുന്നതോടെ ദേശീയപാത ബൈപാസിലെ യാത്രക്കാർക്ക് െപാലീസ് സേവനം കാലതാമസമില്ലാതെ ലഭ്യമാവും. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പൊലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അനുയോജ്യമായ കെട്ടിടം ലഭ്യമായിരുന്നില്ല. അന്ന് സിറ്റി െപാലീസ് കമീഷണറുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളും സ്റ്റേഷനായി കണ്ടെത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച ആറ് സ്റ്റേഷനുകളിൽ ഒന്നിൽ പന്തീരാങ്കാവ് പെട്ടതോടെ താൽക്കാലിക വാടക കെട്ടിടത്തിനായുള്ള ശ്രമങ്ങളാണ് വീണ്ടും ഊർജിതമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.