അത്തോളി: പാവയിൽ ചീർപ്പിലെ പൊളിഞ്ഞ ഷട്ടറുകൾ നാട്ടുകാരുടെ സഹായത്തോടെ പുതുക്കിപ്പണിയാൻ തീരുമാനിച്ചു. തകർന്ന ഷട്ടറുകൾ പുതുക്കിപ്പണിയുന്നതിൽ കാലതാമസം നേരിട്ടതോടെ രണ്ട് വർഷമായി ചീർപ്പടക്കാൻ സാധിച്ചിരുന്നില്ല. ഇത്മൂലം ഉപ്പുകയറി പാവയിൽ പുഴയോരങ്ങളിൽ വൻതോതിൽ കൃഷി നാശിക്കുകയും കൃഷിക്കാർ ഭീതിയിലാകുകയും ചെയ്തതിനെതുടർന്നാണ് ഷട്ടറുകൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. സ്ഥലം എം.എൽ.എ എ.കെ. ശശീന്ദ്രൻ പാവയിലെത്തി ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി. ഷട്ടർ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് പാവയിൽ 27ന് വിപുലമായ യോഗം വിളിക്കും. പാവയിൽ ചീർപ്പിലെ കാലപ്പഴക്കം വന്ന ഷട്ടറുകൾ നന്നാക്കുന്നതിനായി സർക്കാർ കരാർ വിളിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ല. കഴിഞ്ഞ വർഷം രണ്ടരലക്ഷംരൂപയാണ് പ്രധാന ഷട്ടർ നന്നാക്കുന്നതിനായി അനുവദിച്ചത്. എന്നാൽ, ഈ തുക കൊണ്ട് പ്രവൃത്തി ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കരാറുകാർ പറയുന്നത്. തുടർന്ന് മൂന്നുതവണ ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കാൻ ആരും തയാറായതുമില്ല. തുലാവർഷം കഴിയുന്നതിനുമുമ്പ് ചീർപ്പിെൻറ അറ്റകുറ്റപ്പണി ചെയ്തെങ്കിലേ ഉപ്പുവെള്ളം കയറുന്നത് തടയാനാകൂ. മഴ കുറയുേമ്പാഴാണ് സാധാരണയായി ഉപ്പുവെള്ളം കയറുന്നത്. ചീർപ്പിെൻറ വശങ്ങളിലെ ഓവുകൾ നിരപ്പലകകൾ ഉപയോഗിച്ച് മണ്ണിട്ട് അടക്കുകയാണ് പതിവ്. ഷട്ടറിനൊപ്പം ഈ മരപ്പലകകളും പുതുതായി സ്ഥാപിക്കേണ്ടതുണ്ട്. പാവയിൽ പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ 1960-ൽ ചെറുകിട ജലസേചന വകുപ്പാണ് ചീർപ്പ് നിർമിച്ചത്. കഴിഞ്ഞവർഷം വരെ ജല അതോറിറ്റിയുടെ ടാങ്കിലേക്കുള്ള കുടിവെള്ളം പാവയിൽ പുഴയിൽ നിന്നായിരുന്നു പമ്പ് ചെയ്തിരുന്നത്. എന്നാൽ, ജപ്പാൻ കുടിവെള്ള പദ്ധതിയിൽ വെള്ളം ലഭിച്ചതോടെ ഇവിടത്തെ പമ്പിങ് നിർത്തുകയായിരുന്നു. ഇവിടെ ഉപ്പുവെള്ളം കയറിയാൻ തലക്കുളത്തൂർ, ചേളന്നൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ കർഷകരെയാണ് കൂടുതൽ ബാധിക്കുക, പാവയിൽ പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഭൂരിപക്ഷം കർഷകരും കൃഷിയിറക്കുന്നത്. കഴിഞ്ഞവർഷം ചീർപ്പടക്കാൻ കഴിയാതിരുന്നതിനാൽ ഉപ്പുവെള്ളം കയറി പുഴയിലെ പായൽ മുഴുവനും കരിഞ്ഞുപോയിരുന്നു. കൂടാതെ സമീപത്തെ കൃഷിയും നശിച്ചിരുന്നു. നശിച്ച ഷട്ടർ നന്നാക്കുമെന്ന പ്രഖ്യാപനം കർഷകരിൽ പ്രതീക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.