ഓഡിറ്റോറിയം നിർമാണത്തിന് അനുവദിച്ച 25 ലക്ഷം രൂപ സ്റ്റേജ് നിർമാണത്തിലൊതുക്കിയെന്നാണ് ആരോപണം താമരശ്ശേരി: താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളജിൽ സ്റ്റേജ് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ ്-വകപ്പുതല അന്വേഷണം നടത്തണമെന്ന് കാരാട്ട് റസാഖ് എം.എൽ.എ ആവശ്യപ്പെട്ടു. കോളജിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോളജിലെത്തിയ എം.എൽഎ പി.ഡബ്യു.ഡി ഉദ്യാഗസ്ഥരുമായും കോളജ് പി.ടി.എ കമ്മിറ്റി ഭാരവാഹികളുമായും ചർച്ച നടത്തുകയും വിവാദ കെട്ടിടം സന്ദർശിക്കുകയും ചെയ്തു. കെട്ടിടനിർമാണത്തിൽ വൻഅഴിമതി നടന്നതായി സംശയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഡിറ്റോറിയത്തിനായി മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ സ്റ്റേജ് നിർമാണത്തിലേക്ക് ഒതുക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് അഴിമതിക്ക് കളമൊരുക്കിയതായും എം.എൽ.എ പറഞ്ഞു. കെട്ടിട നിർമാണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. വകുപ്പ്തലത്തിൽ അന്വേഷണം നടത്തി കൃത്യമായ റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് ചീഫ് എൻജിനീയറോടും നിർദേശിക്കും. കൊടുവള്ളി മണ്ഡലത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തുടങ്ങിയ പ്രവൃത്തികളെകുറിച്ചെല്ലാം വിശദമായി അന്വേഷിക്കണം. നിലവിൽ പണി പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ചെറുതും വലുതമായ പദ്ധതികളെകുറിച്ച് അന്വേഷണം നടത്തണം. പണി പൂർത്തീകരിച്ച താമരശ്ശേരി താലൂക്ക് ആശുപത്രികെട്ടിട നിർമാണം, കോരങ്ങാട് ഗവ.എൽ.പി സ്കൂൾ കെട്ടിട നിർമാണം എന്നിവ അന്വേഷണം പൂർത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യില്ല. കോരങ്ങാട് ഗവ.എൽ.പി. സകൂൾ ക്ലാസ്മുറികളുടെ ഉദ്ഘാടനം ഈ മാസം 27 ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയാണ്. കൊടുവള്ളി ഗവ.കോളജ് , രാരോത്ത് ഗവ. ഹൈസ്കൂൾ, കൂടത്തായ് ഗവ. ആയുർവേദ ഡിസ്പെൻസറി, താമരശ്ശേരി ജി.വി.എച്ച് .എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവൃത്തികളുടെ ഫണ്ട് അലോട്ടമെൻറും തൽക്കാലം മരവിപ്പിക്കണം. അതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെടും . എന്നാൽ, ഓഡിറ്റോറിയത്തിന് ആവശ്യമായ സ്ഥല സൗകര്യമില്ലെന്ന് ഐ.എച്ച്.ആർ.ഡി അധികൃതർ റിപ്പോർട്ട് നൽകിയത് കാരണം എം.എൽ.എ ഫണ്ട് സ്റ്റേജ് നിർമാണത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് പി.ഡബ്യു.ഡി ബിൽഡിങ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. സ്റ്റേജിെൻറ പണി പൂർത്തീകരിച്ചിട്ടില്ലെന്നും കൃത്യമായ കണക്കുകൾ തയാറാക്കിവരുന്നേയുള്ളൂ എന്നും അധികൃതർ പറഞ്ഞു എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 22 ലക്ഷത്തോളം രൂപ സ്റ്റേജ് നിർമാണത്തിനും മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിനും ചെലവാകുമെന്നും ഇലക്ട്രിഫിക്കേഷനടക്കമുള്ള പണികൾ തീർക്കാനുണ്ടെന്നും എം.എൽ.എ ആവശ്യപ്പെട്ടത് പ്രകാരം കോളജിലെത്തിയ പി.ഡബ്യു.ഡി ബിൽഡിങ്സ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനീയർ പി. ഗോകുൽദാസ് പറഞ്ഞു. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ബിന്ദു, അസിസ്റ്റൻറ് എൻജിനീയർ പുഷ്പരാജ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഐ.എച്ച്.ആർ.ഡി കോളജിൽ ആസ്തി വികസന ഫണ്ടിൽനിന്നും 2014--15 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ഓഡിറ്റോറിയം നിർമാണത്തിന് അനുവദിച്ചതായും 2016 മാർച്ചിൽ അതിന് ഭരണാനുമതി ലഭിച്ചെന്നും പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്സ് വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പ്രവൃത്തി നടന്നതായും പിന്നീട് ഭരണമാറ്റം ഉണ്ടായതോടെ ഇക്കാര്യത്തിൽ ഒരിടപെടലും നടത്തിയിട്ടില്ലെന്നും മുൻ എം.എൽ.എ വി .എം. ഉമ്മർ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.