നാദാപുരം: ശുചിത്വം പ്രമേയമാക്കി നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ശാസ്ത്രനാടകത്തിന് ഉപ ജില്ലയിൽ ഒന്നാം സ്ഥാനം. പേരോട് സ്‌കൂളിൽ നടന്ന സബ് ജില്ല ശാസ്ത്രമേളയിലാണ് ആൺകുട്ടികളെ പിന്നിലാക്കി പെൺകരുത്ത് അഭിനയപാടവം തെളിയിച്ചത്. നാടും നഗരവും സർവത്ര മാലിന്യത്തിൽ വീർപ്പുമുട്ടുന്നതിനിടയിൽ ഇതിനെതിരെ ശക്തമായ സന്ദേശമാണ് നാടകത്തിൽ അവതരിപ്പിച്ചത്. കെ.വി. സാമിയയാണ് നേതൃത്വം നൽകുന്നത്. ശിവാനി ചന്ദ്രൻ, കൃഷ്‌ണേന്ദു, ദേവനന്ദന, ഷാനി, സരിഷ്മ, നന്ദന, സനഹ എന്നിവരും വേഷമിട്ടു. ജേതാക്കളെ സ്‌കൂൾ സ്റ്റാഫ്, പി.ടി.എ, മാനേജ്മെൻറ് യോഗം അഭിനന്ദിച്ചു. പ്രധാനാധ്യാപകൻ ഇ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വി.സി. ഇഖ്‌ബാൽ, മുഹമ്മദ് ബംഗ്ലത്ത്, നാസർ എടച്ചേരി, പി. മുനീർ, എൻ.കെ. അബ്ദുൽ സലിം, മണ്ടോടി ബഷീർ, കെ. മുനീർ, കെ.വി. സുബൈദ എന്നിവർ സംസാരിച്ചു. ഉപജില്ല സയൻസ് സെമിനാറിൽ ടി.ഐ.എം സ്‌കൂളിലെ സഅദിയ സലിം, സി.വി. രാമൻ പ്രബന്ധരചന മത്സരത്തിൽ ഷഹാന പൂലത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി ജില്ലതല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.