മേപ്പയൂർ: അരിക്കുളം കെ.പി.എം.എസ്.എം.എച്ച് എസ്.എസിലെ വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെൻറും നാഷനൽ സർവിസ് സ്കീം യൂനിറ്റും ഒത്തുചേർന്ന് ഒരു വീട് നിർമിക്കുകയാണ്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ നീലിമക്കാണ് ഈ സ്നേഹവീട് ഒരുങ്ങുന്നത്. നീലിമയും അമ്മയും ഇപ്പോൾ താമസിക്കുന്നത് നടുവിലേത്ത് മീത്തൽ കോളനിയിലെ പൊളിഞ്ഞു വീഴാറായ ഷെഡ്ഡിലാണ്. താർപായ വലിച്ചുകെട്ടിയുണ്ടാക്കിയ ഈ വീട്ടിലെ താമസം മഴക്കാലത്തും വേനൽകാലത്തും ഒരുപോലെ ദുഷ്കരമാണ്. പഠനകാര്യങ്ങളിൽ മിടുക്കിയായ നീലിമയുടെ സുരക്ഷിതമായ വീടെന്ന സ്വപ്നം ഈ വർഷം തന്നെ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. ഷാജി പറഞ്ഞു. എൻ.എസ്.എസ് വളൻറിയർമാർ തറ മണ്ണിട്ട് നികത്തി. റോഡിൽനിന്നും അരകിലോമീറ്ററോളം ദൂരെയുള്ള സ്ഥലത്തേക്ക് ചുമർ നിർമാണത്തിനുള്ള കട്ടകളും വളൻറിയർമാർ ചുമന്ന് കൊണ്ടുവന്നു. പ്രവൃത്തികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.