ബേപ്പൂർ ബോട്ടപകടം: രണ്ടു വിദേശ കപ്പലുകളോട് തീരം വിട്ടു പോകരുതെന്ന് നിർദേശം

ബേപ്പൂർ: ബേപ്പൂരില്‍ ബോട്ട് അപകടത്തില്‍പെടുമ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ടു വിദേശ കപ്പലുകളോട് തീരം വിടരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിര്‍ദേശിച്ചു. രണ്ടു കപ്പലുകളും നിലവില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണുള്ളത്. രക്ഷപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ കപ്പലുകളില്‍ ഉടന്‍ പരിശോധന നടത്തും. കൊച്ചി തോപ്പുംപടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന ബോട്ട് ബേപ്പൂര്‍ തീരത്ത് അപകടത്തില്‍പെടുമ്പോള്‍ സമീപത്തുണ്ടായിരുന്നത് മൂന്നു കപ്പലുകളാണെന്ന് നാവികസേന കണ്ടെത്തിയിരുന്നു. മുംബൈയിലേക്കും ഗുജറാത്തിലേക്കും പോവുകയായിരുന്ന വിദേശ കപ്പലുകളായിരുന്നു ഇവയില്‍ രണ്ടെണ്ണം. ഈ കപ്പലുകള്‍ക്കാണ് തീരം വിടരുതെന്ന് നിർദേശം നല്‍കിയത്. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന മറ്റൊരു കപ്പലും അപകടസമയം കടലിലുണ്ടായിരുന്നു. ഈ കപ്പലിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, പോര്‍ട്ട് എന്നീ വിഭാഗങ്ങളുമായി യോജിച്ചാണ് ഡി.ജി ഷിപ്പിങ് അന്വേഷണം നടത്തുന്നത്. അതേസമയം, തൊഴിലാളികള്‍ നല്‍കിയ മൊഴിയില്‍ ബോട്ടിലിടിച്ച കപ്പലിനെക്കുറിച്ചുള്ള സൂചനകളില്‍ വ്യക്തതക്കുറവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടം നടന്നത് രാത്രിയായതിനാലും അപകട സമയത്ത് കനത്ത മഴയായിരുന്നതിനാലും രക്ഷപ്പെട്ടവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. സംഭവം നടന്ന് 12 മണിക്കൂറിനുശേഷമാണ് അപകട വിവരം അറിഞ്ഞത് എന്നതും വിവരശേഖരണത്തിന് തടസ്സമായി. ബോട്ടിലിടിച്ചത് ചുവപ്പുകളറുള്ള വലിയ കപ്പലാണെന്ന വിവരമാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ ജൂൺ ആദ്യത്തിൽ തോപ്പുംപടിയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ 'കാർമൽ മാത' എന്ന ബോട്ട് വിദേശ കപ്പൽ ഇടിച്ച് അപകടത്തിൽെപട്ടിരുന്നു. അന്ന് മൂന്നുപേരാണ് മരിച്ചത്. പാനമയിൽ രജിസ്റ്റർ ചെയ്ത 'ആമ്പർ എൽ' എന്ന വിദേശ ചരക്കു കപ്പലായിരുന്നു അന്ന് ബോട്ടിലിടിച്ചത്. നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കപ്പല്‍ ഉടനെത്തന്നെ പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.