ഹര്‍ത്താൽ ദിനത്തില്‍ പൂനൂരില്‍നിന്നൊരു മാതൃക * ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെ തകര്‍ന്ന ഭാഗം നവീകരിച്ചു എകരൂല്‍: നവീകരിക്കാന്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ വരുമെന്നു കരുതി കാലങ്ങളായി കാത്തിരുന്ന് ഗതികെട്ടപ്പോള്‍ സന്നദ്ധസംഘടനാപ്രവര്‍ത്തകരുടെ ശ്രമഫലമായി അപകടാവസ്ഥയിലായ റോഡിലെ കുഴികളടച്ച് കോൺക്രീറ്റ് ചെയ്തു. കൊയിലാണ്ടി--താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ ഇശാഅത്ത് പബ്ലിക്സ്കൂളിന്നടുത്തുള്ള പാലത്തിെൻറ ഇരുവശങ്ങളിലുമാണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സേനയിലെ 50 ഓളം വളണ്ടിയര്‍മാര്‍ ഹര്‍ത്താൽ ദിനത്തില്‍ ശ്രമദാനം നടത്തിയത്. 30 ചാക്ക് സിമൻറ്, ഒരു ലോഡ് മെറ്റല്‍, ഒരു ലോഡ് എംസാന്‍ഡ് എന്നിവ ഉപയോഗിച്ചാണ് ഈ യുവ കൂട്ടായ്മ റോഡ്‌പ്രവൃത്തി നടത്തിയത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കാൻ മുൻകൈ എടുത്ത യുവാക്കൾക്കൊപ്പം നാട്ടുകാരും അണിചേർന്നു. സാമഗ്രികള്‍ വാങ്ങാനുള്ള പണം പൊതുപിരിവെടുത്താണ് സ്വരൂപിച്ചത്. 30000 രൂപയോളം ചെലവ് കണക്കാക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. റോഡ് തകര്‍ന്ന് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ദീര്‍ഘദൂര ബസുകളടക്കം നൂറുകണക്കിന് ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയില്‍വീണ് അപകടത്തില്‍പെടുന്നത് ഇവിടെ നിത്യസംഭവമാണ്. ബാലുശ്ശേരി, അറപ്പീടിക, എകരൂല്‍ എന്നിവിടങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ട് യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. റോഡ് നന്നാക്കുന്നതോടൊപ്പം വളണ്ടിയര്‍മാര്‍ റോഡ്‌സുരക്ഷ ബോധവത്കരണവും നടത്തി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ദുരന്തനിവാരണ ബോധവത്കരണ പരിപാടികള്‍ ഹെല്ത്ത്കെയറിെൻറ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ കെ. അബ്ദുല്‍മജീദ്, കണ്‍വീനര്‍ സി.പി. റഷീദ്, ജനറല്‍ സെക്രട്ടറി സി.കെ.എ. ഷമീര്‍ബാവ, പ്രസിഡൻറ് പി. അബ്ദുല്‍ഹഖീം, ഡോ. മൂസ, സിനീഷ്കുമാര്‍, കെ. ശംസുദ്ധീന്‍ എകരൂല്‍, ഷറീജ് കാഞ്ഞിര, സമദ് പാണ്ടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.