ആയഞ്ചേരി: ജനസേവനരംഗത്ത് മൊബൈൽ ആപ്പുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്. സ്മാർട്ട് ആയഞ്ചേരി എന്ന മൊബൈൽ ആപ് അടുത്തമാസം പുറത്തിറക്കും. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മൊബൈൽ ആപ്ലിക്കേഷനിലൂടെ സാധ്യമാകുന്നത്. പഞ്ചായത്തിലെ സർക്കാർ ഓഫിസുകൾ, വിദ്യാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ, സൊസൈറ്റികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിൽ ലഭിക്കും. എല്ലാ വിഭാഗം തൊഴിലാളികളും ആപ്പിലൂടെ വിരൽത്തുമ്പിലെത്തും. തേപ്പ്, വാർപ്പ്, ടൈൽസ്, ആശാരിപ്പണി, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ രജിസ്റ്റർ ചെയ്യുന്ന ഏതുതരം തൊഴിലാളിയുടെ പേരും ഫോൺ നമ്പറും ഈ ആപ്പിൽനിന്ന് ലഭിക്കും. സ്മാർട്ട് ആയഞ്ചേരി സർവിസ് സെൻററിൽ വിളിച്ചാൽ വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ തുടങ്ങിയവയുടെ പേമെൻറും നടത്താം. പഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്ന ഈ പദ്ധതിയുടെ സാങ്കേതിക സൗകര്യങ്ങൾ ചെയ്തത് ആയഞ്ചേരി സ്വദേശികളായ ജാബിർ, തൗഫീർ എന്നിവരാണ്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷനൽ കമ്പനിയുടെ പ്രമോട്ടർമാരായ ഇവർ നാടിനെ വിവര-സാങ്കേതിക മികവിലേക്ക് നയിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. സ്മാർട്ട് ആയഞ്ചേരി പദ്ധതി എന്ന പേരിൽ പുറത്തിറങ്ങുന്ന ഇത് മറ്റു പഞ്ചായത്തുകൾക്കും നൽകാൻ കഴിയുമെന്ന് ഇവർ പറഞ്ഞു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.