കോടഞ്ചേരി: കരാറുകാർ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ടെൻഡറുകൾ ബഹിഷ്കരിച്ചതോടെ പദ്ധതിനടത്തിപ്പ് സ്തംഭിച്ച നിലയിലായി. കോർപറേഷൻ, മുനിസിപ്പാലിറ്റി അടക്കം ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളാണ് അവതാളത്തിലായത്. നടപ്പ് സാമ്പത്തികവർഷം പിന്നിടാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളത്. ടെൻഡർ നടപടികൾ മൃതാവസ്ഥയിലായത് ഫണ്ട് വിനിയോഗം എങ്ങുമെത്താത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്. 6162.51 കോടിയാണ് സാമ്പത്തികവർഷം വകയിരുത്തിയിരിക്കുന്നത്. ഇതിൽ 1268 കോടി െചലവഴിച്ചതായാണ് രേഖയിൽ കാണുന്നത്. ഇത് കഴിഞ്ഞ സാമ്പത്തികവർഷത്തെ സ്പിൽഓവർ വർക്കുകളുടെ ബിൽ തുക നൽകി കണക്കിൽപെടുത്തിയതാണ്. ബാക്കി 4904.51 കോടി നിലവിലുള്ള അവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കിൽ നഷ്ടപ്പെടുകതന്നെ ചെയ്യും. കരാറുകാരുടെ മേൽ 12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതാണ് ടെൻഡർ ബഹിഷ്കരിക്കാൻ കാരണം. നിലവിലുണ്ടായിരുന്ന നാലുശതമാനം നികുതി ജി.എസ്.ടി നടപ്പാക്കിയതോടെ 12 ശതമാനമായി ഉയർത്തിയതും നികുതിബില്ലിൽ നിന്ന് പിടിക്കുന്നതിന് പകരം മുൻകൂട്ടി അടക്കണമെന്ന വ്യവസ്ഥയും കരാറുകാർക്ക് അംഗീകരിക്കാനായില്ല. വർഷത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചിരുന്നിടത്ത് മാസത്തിൽ മൂന്ന് തവണ റിട്ടേൺ സമർപ്പിക്കണമെന്ന വ്യവസ്ഥയും കരാറുകാരെ പ്രതിസന്ധിയിലാക്കി. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റത്തിന് ആനുപാതികമായി അടങ്കൽ തുക വർധിപ്പിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. പദ്ധതിനടത്തിപ്പിൽ ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും പ്രശ്നപരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കാതിരിക്കുന്നത് സംസ്ഥാനെത്ത വികസന മുരടിപ്പിലേക്കാണെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.