കാഴ്ചയുടെ പുതുവസന്തമൊരുക്കി ലൈറ്റ്ഫാൾ ഫോട്ടോ പ്രദർശനം

കോഴിക്കോട്: ഫോട്ടോഗ്രഫിയോടുള്ള താൽപര്യത്തിൽ ഒത്തുചേർന്ന വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം പേരുടെ ഫോട്ടോപ്രദർശനം ആർട്ട്ഗാലറിയിൽ തുടങ്ങി. കാലിക്കറ്റ് ഫോട്ടോക്ലബ് എന്ന പേരിലുള്ള ഫോട്ടോഗ്രഫി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 87 ഫോട്ടോഗ്രാഫർമാരുടെ 287 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ലൈറ്റ്ഫാൾ എന്നുപേരിട്ട പ്രദർശനത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ളവരെക്കൂടാതെ കേരളത്തിനുപുറത്തുനിന്നുള്ളവരുമുണ്ട്. ഒഴിവുസമയങ്ങളെല്ലാം ഫോട്ടോഗ്രഫിക്കുവേണ്ടി ചെലവഴിക്കുന്ന ഡോക്ടർ, എൻജിനീയർ, ബാങ്ക് ഉദ്യോഗസ്ഥർ, അധ്യാപകർ, ഐ.ടി ജോലിക്കാർ, വിദ്യാർഥികൾ, എന്നു തുടങ്ങി മുഴുവൻ സമയ ഫോട്ടാഗ്രാഫർമാർ വരെ ഇക്കൂട്ടത്തിലുണ്ട്. ഏഴു വയസ്സുകാരിയായ രേണു അനീഷ് മുതൽ 60നു മുകളിൽ പ്രായമുള്ള അജയൻ കാവുങ്കലും കാദിരിക്കോയയുമെല്ലാം ഫോട്ടോഗ്രഫിയോട് പ്രിയം തോന്നി പ്രകൃതിയിലേക്കിറങ്ങിയവരാണ്. പ്രകൃതിയും മനുഷ്യജീവിതങ്ങളും പക്ഷികളും മൃഗങ്ങളും യാത്രയും കടലും ആഘോഷങ്ങളും മനുഷ്യവികാരങ്ങളും തെരുവും സംഗീതവുമെല്ലാം ഇവരുടെ കാമറകൾ ഒപ്പിയെടുത്തിരിക്കുന്നു. ശ്യാംകുമാർ, വിനീത അനീഷ്, ജോസഫ് ജോർജ് എന്നിവരാണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. 2008ൽ തുടങ്ങിയ കാലിക്കറ്റ് ഫോട്ടോക്ലബി​െൻറ നാലാമത്തെ പ്രദർശനമാണിത്. 20ഓളം സജീവഅംഗങ്ങളും 300ഓളം മറ്റു അംഗങ്ങളും കൂട്ടായ്മയിലുണ്ട്. ഫേസ്ബുക്ക്, വാട്സ് ആപ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുടെ ഫോട്ടോഗ്രഫി സൗഹൃദം തുടർന്നുപോരുന്നത്. ഗ്രൂപ്പി​െൻറ വളർച്ചക്കായി ഫോട്ടോഗ്രഫി ക്ലാസുകളും യാത്രകളും സംഘടിപ്പിക്കാറുണ്ട്. പ്രദർശനം കവി എൻ.എൻ. കക്കാടി​െൻറ പത്നി ശ്രീദേവി കക്കാട് ഉദ്ഘാടനം ചെയ്തു. 15ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.