ബാണാസുര ഡാം അന്വേഷണ റിപ്പോർട്ട് ഫയലിൽ; അനധികൃത മീൻപിടുത്തവും സഞ്ചാരവും തുടരുന്നു മീൻപിടുത്തത്തിെൻറ മറവിൽ റിസർവോയറിനോട് ചേർന്ന വനത്തിൽ നായാട്ട് നടക്കുന്നതായും പരാതി പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിലെ അനധികൃത മീൻപിടുത്തവും തുടർന്നുള്ള അപകട മരണങ്ങളും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകസമിതി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് ഫയലിലുറങ്ങുമ്പോൾ ഡാമിലെ അനധികൃത കൈയേറ്റവും മീൻപിടുത്തവും മുറപോലെ തുടരുന്നു. ഡാമിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിലും വനത്തിലും ടെൻറുകൾ കെട്ടിത്താമസിച്ചാണ് മീൻപിടുത്തവും നായാട്ടും നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ജൂലൈ 16ന് ബാണാസുര സാഗർ ഡാം റിസർവോയറിൽ മീൻ പിടിക്കാനിറങ്ങിയ നാലുപേർ കൊട്ടത്തോണി മറിഞ്ഞ് മുങ്ങി മരിച്ചിരുന്നു. ഇതേ സ്ഥലത്താണ് ആളുകൾ ഇപ്പോഴും മീൻ പിടിക്കാനിറങ്ങുന്നത്. കനത്തമഴയെ തുടർന്ന് വെള്ളംപൊങ്ങിയ ഡാമിൽ മുമ്പത്തേതിലും അപകടസാധ്യത നിലനിൽക്കെയാണ് അനധികൃത മീൻപിടുത്തം വീണ്ടും സജീവമായിരിക്കുന്നത്. പഴയ തരിയോട് പൊലീസ് സ്റ്റേഷൻ നിന്നിരുന്ന സ്ഥലത്ത് ഇവർ ഉപയോഗിച്ച നിരവധി അടുപ്പുകൾ ഇപ്പോഴും കാണാം. മീൻപിടുത്തത്തിെൻറ മറവിൽ റിസർവോയറിനോട് ചേർന്ന വനത്തിൽ നായാട്ട് നടക്കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ ചിലരുടെ ഒത്താശയോടെ പുറത്തുനിന്നും എത്തുന്നവരാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടെ വിലസുന്നത്. സമീപത്തെ റിസോർട്ടുകളിലെത്തുന്ന സഞ്ചാരികളും രാത്രിയിൽ മീൻ പിടിക്കാനിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തങ്ങൾ ആവർത്തിക്കാൻ ഇത് ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. ജൂലൈ 16ന് നാലുപേർ മുങ്ങിമരിച്ച സംഭവത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ നാട്ടുകാരുടെ പരാതിയെക്കുറിച്ചും സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിക്കാൻ എ.ഡി.എം ചെയർമാനായി ആറംഗ അന്വേഷണസംഘത്തെ നിയമിക്കുകയായിരുന്നു. എ.ഡി.എം, അഗ്നിശമന രക്ഷാസേന അഡീഷനൽ ജില്ല ഓഫിസർ, സൗത്ത് വയനാട് ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ, കാരാപ്പുഴ ഇറിഗേഷൻ പ്രൊജക്ട് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, വൈത്തിരി തഹസിൽദാർ എന്നിവർ അംഗങ്ങളായുള്ള അന്വേഷണ സമിതി ദിവസങ്ങൾ എടുത്ത് തയാറാക്കിയ റിപ്പോർട്ട് ആഗസ്റ്റ് ആദ്യവാരം ജില്ല കലക്ടർക്ക് സമർപ്പിച്ചിരുന്നു. ബാണാസുരയിലെ അപകടമരണങ്ങൾ നായാട്ടുപോലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെയാണ് ഉണ്ടായതെന്നായിരുന്നു കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിലൊന്ന്. രണ്ട് ഡാമുകളിലും മതിയായ സുരക്ഷയില്ല. ഇത് പരിഹരിക്കാനായി നിരവധി നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന തോണികൾക്കും കൊട്ടത്തോണികൾക്കും മാത്രം റിസർവോയറിൽ അനുമതി നൽകുകയും ബാക്കിയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുക, പൊലീസ് നൈറ്റ് െപട്രോളിങ് ശക്തമാക്കുക, വൈകിട്ട് ആറുമണിക്ക് ശേഷം റിസർവോയറിനകത്ത് പ്രവേശനം നിരോധിക്കുക, അസമയത്ത് ഡാം പരിസരത്തു കാണുന്നവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ സുരക്ഷ നിർദേശങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. രാത്രിയിൽ റിസർവോയറിനകത്ത് ഇറങ്ങുന്നതും മീൻപിടിക്കുന്നതും നിർബാധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.