കുറ്റ്യാടി: ജനസേവനരംഗത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ച അടുക്കത്തെ പി.ടി. സുലൈഖയുടെ വേർപാട് നാട്ടുകാർക്ക് തീരാത്ത നഷ്ടമായി. ജമാഅത്തെ ഇസ്ലാമി അടുക്കത്ത് യൂനിറ്റ് നാസിമത്ത്, കുറ്റ്യാടി ഏരിയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അവർ മാപ്പിളപ്പാട്ട് ഗായകനായ അബ്ദുറഹ്മാൻ ഓർക്കാട്ടേരിയുടെ ഭാര്യയാണ്. സ്ത്രീകളെ സംഘടിപ്പിച്ച് പഠനക്ലാസ് നടത്തുക, ധർമസ്ഥാപനങ്ങൾക്ക് ഫണ്ട് ശേഖരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പഠനത്തിനും ജോലിക്കും വേണ്ടി സാമ്പത്തികപ്രയാസം നേരിടുന്നവരെ കണ്ടെത്തി രഹസ്യമായി സഹായിക്കൽ അവരുടെ പതിവായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. കണ്ണടക്ക് പരിഹരിക്കാൻ വയ്യാത്ത കാഴ്ചക്കുറവുണ്ടായിട്ടും ലെൻസ് ഉപയോഗിച്ച് കിട്ടാവുന്ന ബുക്കുകളും ഗ്രന്ഥങ്ങളും വായിച്ചിരുന്നു. മനോഹരമായി ഖുർആൻ പാരായണം നടത്താൻ കഴിവുണ്ടായിരുന്നു. പഠനകാലത്തുതന്നെ മികച്ച പ്രഭാഷകയായിരുന്നു. ദീർഘകാലം പ്രവാസജീവിതം നയിച്ചിട്ടും നാട്ടുകാർക്ക് അന്യയാകാതെ ശിഷ്ടകാലം ജീവിക്കാൻ അവൻ പരിശ്രമിച്ചു. ഗുരുതര രോഗം ബാധിച്ചിട്ടും സഹപ്രവർത്തകരെ അറിയിക്കാതെ കർമരംഗത്ത് സജീവമായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വ്യാഴാഴ്ച രാത്രി മരുതോങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.