ഓട്ടോ ൈഡ്രവർമാരും -ജനകീയ ജീപ്പ് കമ്മിറ്റി അംഗങ്ങളും പരസ്​പരം സർവിസ്​ തടഞ്ഞു ആയഞ്ചേരിയിൽ വീണ്ടും സംഘർഷം

ആയഞ്ചേരി: ഓട്ടോ ൈഡ്രവർമാരും -ജനകീയ ജീപ്പ് കമ്മിറ്റി അംഗങ്ങളും പരസ്പരം സർവിസ് തടഞ്ഞതോടെ ആയഞ്ചേരിയിൽ വീണ്ടും സംഘർഷാന്തരീക്ഷം. അരൂർ മുള്ളൻമുക്കിൽനിന്ന് സർവിസ് നടത്തുന്ന ജീപ്പ് കെ.എസ്.ഇ.ബി ഓഫിസിന് സമീപം ഓട്ടോ ൈഡ്രവർമാർ തടയുകയായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഇതിൽ പ്രതിഷേധിച്ച് ജനകീയ ജീപ്പ് കമ്മിറ്റി അംഗങ്ങൾ ഓട്ടോറിക്ഷയും തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. അരൂർ മുള്ളൻമുക്ക് മുതൽ ആയഞ്ചേരി വരെ ജനകീയ ജീപ്പ് സർവിസ് നടത്തുന്നത് ഓട്ടോ ൈഡ്രവർമാർ രണ്ടാഴ്ച മുമ്പ് തടഞ്ഞിരുന്നു. സംഘർഷത്തെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 15ന് അനുരഞ്ജന ചർച്ച നടന്നു. ഇതുപ്രകാരം മുള്ളൻമുക്കിൽനിന്നുള്ള ജനകീയ ജീപ്പ് ഈ മാസം 25വരെ നാളോംകോറോൽ എം.എൽ.പി സ്കൂൾ വരെ മാത്രമേ സർവിസ് നടത്താവൂ എന്നും ആയഞ്ചേരി വരെ ജീപ്പ് സർവിസ് നീട്ടുന്ന കാര്യം ഇതിനിടയിൽ തീരുമാനിക്കാമെന്നും ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് പിന്നീട് ചർച്ച നടന്നില്ല. 26 മുതൽ ജനകീയ ജീപ്പ് ആയഞ്ചേരി വരെ ഓടുമെന്ന കാര്യം കഴിഞ്ഞ ദിവസം ജനകീയ ജീപ്പ് കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഈ മാസം 28വരെ നിലവിലുള്ള അവസ്ഥ തുടരണമെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം കമ്മിറ്റി അംഗീകരിച്ചില്ല. ഞായറാഴ്ച ജനകീയ ജീപ്പ് ആയഞ്ചേരിയിലേക്ക് സർവിസ് നീട്ടുകയും ഓട്ടോറിക്ഷ ൈഡ്രവർമാർ തടയുകയുമായിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പൊലീസ് അധികാരികൾ എന്നിവർ ഇടപെട്ട് ഇരുവിഭാഗവുമായി ചർച്ച നടത്തി. ഇതുപ്രകാരം ഓട്ടോറിക്ഷകളും ജനകീയ ജീപ്പും ഞായറാഴ്ച ഓടേണ്ടതില്ലെന്ന് തീരുമാനമായി. തിങ്കളാഴ്ച ഓട്ടോ സർവിസ് പുനരാരംഭിക്കാനും ജനകീയ ജീപ്പ് പതിവുപോലെ നാളോംകോറോൽ എം.എൽ.പി സ്കൂൾ വരെ സർവിസ് നടത്താനും തീരുമാനിച്ചു. പ്രശ്നം പരിഹരിക്കാൻ 28ന് പഞ്ചായത്ത് ഓഫിസിൽ ചർച്ച നടക്കും. ഓട്ടോറിക്ഷകളും ജനകീയ ജീപ്പും പെട്ടെന്ന് സർവിസ് നിർത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. തറോപ്പൊയിൽ, കടമേരി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. ജനകീയ ജീപ്പും ഓട്ടോകളും തമ്മിലുള്ള പ്രശ്നം നീളുന്നത് ടൗണിനെ ഇടക്കിടെ സംഘർഷത്തിലേക്ക് നയിക്കുകയാണ്. നാട്ടുകാർ ആശങ്കയോടെയാണിത് കാണുന്നത്. പരിപാടികൾ ഇന്ന് ആയഞ്ചേരി: കുളമുള്ളതിൽ കുന്ന് ജലനിധി പദ്ധതി ഉദ്ഘാടനം-മന്ത്രി മാത്യു ടി. തോമസ്--3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.