മൂന്നു ദിവസംകൊണ്ട് സമാഹരിച്ചത് ഒരു ലക്ഷത്തിലധികം രൂപ വില്യാപ്പള്ളി: നിർധനയായ സഹപാഠിക്ക് വീടുവെക്കാൻ സ്വന്തം കുടുംബങ്ങൾ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ് വഴി എട്ടാം ക്ലാസുകാരി സ്വരുക്കൂട്ടിയത് ഒരു ലക്ഷത്തിലധികം രൂപ. എം.ജെ ഹൈസ്കൂൾ വിദ്യാർഥിനി നേഹയാണ് ജീവകാരുണ്യ പ്രവർത്തനത്തിൽ 'വാട്സ്ആപ്' മാതൃകയുമായി മുന്നോട്ടു വന്നിരിക്കുന്നത്. എൻ.എസ്.എസ് ഗ്രൂപ്പും പി.ടി.എയും ചേർന്നാണ് സ്കൂളിലെ പാവപ്പെട്ട കുടുംബത്തിലെ വിദ്യാർഥിക്കു വീട് നിർമിക്കാൻ മുൻകൈയെടുത്തത്. എന്നാൽ, ഇതിനു വരുന്ന ഭാരിച്ച തുക കണ്ടെത്താൻ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നതിനിടയിലാണ് ഇൗ വിവരം നേഹയുടെ ചെവിയിലുമെത്തുന്നത്. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ തെൻറ കുടുംബങ്ങൾ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിൽ നേഹ സ്വന്തം ശബ്ദത്തിൽ സഹപാഠിയുടെ കദനകഥ വിവരിച്ചുകൊണ്ട് ഒരു വോയ്സ് മെസേജ് ഇടുകയായിരുന്നു. ഇത് വൈറലായതോടെ ഗൾഫിലും നാട്ടിലുമുള്ള കുടുംബാംഗങ്ങൾ വീട് നിർമാണത്തിന് സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നു. അതോടെ മൂന്നു ദിവസംകൊണ്ട് 1,11,013 രൂപ സമാഹരിക്കാനുമായി. തുടർന്ന് ഇൗ പണം സ്കൂൾ മാനേജരെ ഏൽപിച്ചു. വിവരമറിഞ്ഞ സ്കൂൾ അധികൃതരും മാനേജ്മെൻറും നേഹയെ അനുമോദിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.