കസ്​റ്റഡിയിലെടുത്ത പ്രതികളെ ഡിവൈ.എസ്.പി വിട്ടയച്ചത് വിവാദമാവുന്നു

നാദാപുരം: എ.ടി.എമ്മിൽനിന്ന് പണമെടുത്ത് ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്ന് പണം പിടിച്ചുപറിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ ഡിവൈ.എസ്.പി മോചിപ്പിച്ചത് വിവാദമാകുന്നു. കഴിഞ്ഞ 16ന് നാദാപുരത്ത് രാത്രി എ.ടി.എം കൗണ്ടറില്‍നിന്ന് പണമെടുത്ത് ഇറങ്ങിയ യുവാവിനെയാണ് കക്കംവെള്ളി സ്വദേശികളായ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി പണം അപഹരിച്ചത്. പണം കവരുന്നതി​െൻറ വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘത്തെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കും പിടികൂടിയിരുന്നു. പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടെ സബ് ഡിവിഷനല്‍ ഡിവൈ.എസ്.പിയുടെ ചുമതലയുള്ള കണ്‍ട്രോള്‍ റൂം ഡിവൈ.എസ്.പി സ്റ്റേഷനിലെത്തി പ്രതികളെ വിട്ടയക്കാന്‍ ആവശ്യപ്പെടുകയും പൊലീസുകാർ കൂട്ടാക്കാതിരുന്നതോടെ ഡിവൈ.എസ്.പി തന്നെ ലോക്കപ്പ് തുറന്ന് വിടുകയുമായിരുന്നത്രെ. സംഭവത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതികളെ ഉന്നതന്‍ ഇടപെട്ട് മോചിപ്പിച്ചത് പൊലീസിൽ മുറുമുറുപ്പിന് ഇടയാക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതിനിടെ പണം നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയുമുണ്ടായി. സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മേഖലയിലെ മണൽ, ചെങ്കല്‍ ഉള്‍പ്പെടെയുള്ള ലോറികൾ പിടിച്ചെടുക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയതും പൊലീസില്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.