വനമിത്ര മാതൃക പദ്ധതിക്ക്​ തുടക്കം

പേരാമ്പ്ര: ആദിവാസി വനിത വികസനം ലക്ഷ്യമാക്കി സംസ്ഥാന വനിത കമീഷൻ ആവിഷ്കരിച്ച 'വനമിത്ര' മാതൃക പദ്ധതിക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കോമൺ ഫെസിലിറ്റി സ​െൻററിൽ തുടക്കമായി. ആദിവാസി വനിതകളെ തൊഴിൽപരിശീലനത്തിലൂടെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് സംസ്ഥാന വനിത വികസന കോർപറേഷൻ ആദിവാസി മേഖലയിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആദിവാസി വനിതകൾക്ക് ആദ്യഘട്ടമായി ടെയ്ലറിങ്ങിൽ പരിശീലനം നൽകും. നാപ്കിൻ നിർമാണം, പ്രായമായവർക്കുള്ള ഡയഫ്രം നിർമാണം, പെറ്റിക്കോട്ട് നിർമാണം എന്നിവയിലും പരിശീലനം നൽകും. ഇതോടൊപ്പം ആദിവാസികളുടെ തനത് സംസ്കാരം നിലനിർത്തിക്കൊണ്ടുള്ള മുള, ഇൗറ്റ, ചൂരൽ കൊണ്ടുള്ള ഉപകരണങ്ങളുണ്ടാക്കാനുള്ള പരിശീലനവും സഹായവും ലഭ്യമാക്കും. വനത്തിൽനിന്ന് മുള, ഇൗറ്റ, ചൂരൽ എന്നിവ ശേഖരിക്കാനുള്ള അനുമതി വനംവകുപ്പ് നൽകും. ഇവിടെ നിർമിക്കുന്ന കരകൗശലവസ്തുക്കൾ വിൽപന നടത്താൻ ഇരിങ്ങൽ സർഗാലയയിൽ പ്രത്യേകം സൗകര്യമൊരുക്കും. രണ്ടാംഘട്ടമായി ആട്, പശു, കോഴി എന്നിവ വളർത്താൻ സാമ്പത്തികസഹായവും ലഭ്യമാക്കും. ഇതിനായി കാലിത്തീറ്റക്കും മറ്റുമായി 75 ശതമാനം തുക ചക്കിട്ടപാറ പഞ്ചായത്ത് സബ്സിഡിയായി നൽകും. മികച്ച വില നൽകി പാൽ ശേഖരിക്കാനും സംവിധാനമൊരുക്കും. കാട്ടുതേൻ അടക്കമുള്ള വനവിഭവങ്ങൾ ശേഖരിക്കാനും മികവുറ്റ രീതിയിൽ സംസ്കരിച്ച് വിപണനം നടത്താനുമുള്ള സംവിധാനമുണ്ടാകും. ഇതിനായി രണ്ടു വനിത പരിശീലകരെ നിയമിച്ചിട്ടുണ്ട്. പരിശീലനത്തിനെത്തുന്നവർക്ക് വനിത വികസന കോർപറേഷൻ ഭക്ഷണം സൗജന്യമായി നൽകും. സംസ്ഥാന ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വനിത വികസന കോർപറേഷൻ ചെയർപേഴ്സൻ കെ.എസ്. സലീഖ സ്വാഗതം പറഞ്ഞു. കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജാത മനക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ, കോർപറേഷൻ ഡയറക്ടർ ടി.വി. മാധവിഅമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈല ജെയിംസ്, പഞ്ചായത്ത് അംഗങ്ങളായ ഷീന പുരുഷു, ലൈസ ജോർജ്, കെ.കെ. ബിന്ദു, കെ. ജയേഷ് കുമാർ, ഷീന റോബിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പള്ളുരുത്തി ജോസഫ്, ജെയിംസ് മാത്യു, ആവള ഹമീദ്, പി. പത്മനാഭൻ, ബിജു ചെറുവത്തൂർ, നാരായണൻ നായർ എന്നിവർ സംസാരിച്ചു. പി.സി. സുരാജൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.