*ഡിസംബർ 15ന് നടീൽ ഉത്സവം *സന്നദ്ധ പ്രവർത്തകരിൽ ഏറെയും സ്ത്രീകൾ മേപ്പയൂർ: തരിശ് കിടക്കുന്ന ഭൂമിയിൽ നെൽകൃഷി വ്യാപിപ്പിക്കുന്നതിന് സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി മേപ്പയൂർ ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും നേതൃത്വത്തിൽ കരുവോട് കണ്ടംചിറയിലെ 300 ഏക്കർ തരിശുഭൂമിയിൽ നെൽകൃഷി ഇറക്കുന്നതിെൻറ മുന്നോടിയായുള്ള നിലമൊരുക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീകൾ, രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടേയും പ്രവർത്തകർ, ചുമട്ട്, മോട്ടോർ തൊഴിലാളികൾ, കണ്ടംചിറ, കീഴ്പയ്യൂർ പാടശേഖരസമിതികളിലെ കർഷകർ, മേപ്പയൂർ ഗവ. വി.എച്ച്.എസ്.എസിലെ എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ്, വി.ഇ.എം.യു.പി സ്കൂളിലെ കാർഷിക ഗ്രൂപ് അംഗങ്ങൾ എന്നിവർ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി. നിലമൊരുക്കുന്നതിന് പാടത്ത് ഇറങ്ങിയവരിൽ പകുതിയിലേറെയും സ്ത്രീ വളൻറിയർമാർ ആയിരുന്നു. പാടത്ത് പണിയെടുക്കുന്നവർക്ക് ആവേശം നൽകി കവിതകൾ, നാടൻ പാട്ടുകൾ, കൊയ്ത്തുപാട്ടുകൾ എന്നിവയുടെ സംഘംചേർന്നുള്ള ആലാപനവും ഉണ്ടായിരുന്നു. പാടത്ത് ഇറങ്ങുന്നവർക്ക് എലിപ്പനി പ്രതിരോധ ഗുളികകളും സംഘം വിതരണം ചെയ്തു. രാവിലെ എഴുമണിക്ക് തുടങ്ങി ഉച്ചക്ക് ഒരു മണി വരെ നിലമൊരുക്കൽ നീണ്ടുനിന്നു. നിലമൊരുക്കുന്നതിനുള്ള തുടർപ്രവൃത്തികൾ ട്രാക്ടറും ടില്ലറും ഉൾപ്പെടെയുള്ള യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് പൂർത്തീകരിക്കുമെന്നും ഡിസംബർ 15ന് മുമ്പായി നടീൽ ഉത്സവം നടക്കുമെന്നും പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. രാധാകൃഷ്ണൻ അറിയിച്ചു. ഉദ്ഘാടന പരിപാടിയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, കൃഷി ഓഫിസർ സ്മിത നന്ദിനി, പി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.