എം.ആർ വാക്സിൻ കുത്തിവെപ്പ് നിഷേധിച്ചെന്ന്:

േബഗൂർ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ മാനന്തവാടി: മീസില്‍സ്-റുബെല്ല കുത്തിവെപ്പിനായി കുട്ടികളുമായി എത്തിയ രക്ഷിതാക്കളെ ഡോക്ടര്‍ അപമാനിക്കുകയും കുട്ടികൾക്ക് കുത്തിവെപ്പ് നിഷേധിക്കുകയും ചെയ്തതായി പരാതി. കാട്ടിക്കുളം ബേഗൂര്‍ പി.എച്ച്.സിയിലെ ഡോ. ശിവദാസിനെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. കുത്തിവെപ്പ് എടുക്കുന്നതിനായി ആരോഗ്യവകുപ്പ് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഡോക്ടര്‍ കുത്തിവെപ്പ് നിഷേധിച്ചത് വന്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വയനാട് ജില്ലക്കു പുറത്തുനിന്നുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നിഷേധിച്ചത്. കുട്ടികള്‍ക്ക് രോഗം ബാധിച്ചതിനാല്‍ ഇവരുമായി രക്ഷിതാക്കള്‍ കാട്ടിക്കുളത്തുള്ള ഒരു വൈദ്യ​െൻറ ചികിത്സ ചെയ്യുകയാണ്. കാട്ടിക്കുളം സ്വദേശിനിയായ രശ്മി എന്ന യുവതി ഇടപെട്ടാണ് ആശാവര്‍ക്കറോട് കാര്യങ്ങള്‍ ചോദിച്ച് കുത്തിവെപ്പെടുക്കുന്നതിനായി കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രിയിലെത്തിച്ചത്. കുത്തിവെപ്പ് നിഷേധിക്കപ്പെട്ട നാലു കുട്ടികളും തലച്ചോര്‍ സംബന്ധമായ ചികിത്സയുമായാണ് കാട്ടിക്കുളത്ത് കഴിയുന്നത്. ആശുപത്രിയിലെത്തിയപ്പോൾ കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കേണ്ട കാര്യമില്ലെന്നും ഇവര്‍ വിവാഹിതരാവാനൊന്നും സാധ്യതയില്ലെന്നുമാണ് ഡോക്ടര്‍ രക്ഷിതാക്കളെ അറിയിച്ചതെന്നാണ് പരാതി. കുത്തിവെപ്പ് നല്‍കിയില്ലെങ്കിലും മക്കളെപ്പറ്റി ഇത്തരം പരാമര്‍ശങ്ങളുണ്ടായതാണ് രക്ഷിതാക്കളെ വേദനിപ്പിച്ചത്. പൊതുജനമധ്യത്തില്‍ തങ്ങളുടെ കുട്ടികളുടെ അംഗവൈകല്യത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും കുത്തിവെപ്പ് നിഷേധിക്കുകയും ചെയ്ത ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളായ കല്ലാച്ചി നരിപ്പറ്റ തയ്യില്‍ വീട്ടില്‍ സബിത, സൗത്ത് കൊടുവള്ളി നെടുങ്കണ്ടത്തില്‍ അശ്വതി, ചൊക്ലി പുത്തന്‍പുരയില്‍ ഷിജിന, കതിരൂര്‍ സുരഭി ഹൗസില്‍ സോണി എന്നിവര്‍ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍പെട്ടതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജിതേഷ് പറഞ്ഞു. എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ഈ അവസരത്തില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആരോപണം ഗൗരവത്തോടെയാണ് കാണുന്നത്. രക്ഷിതാക്കള്‍ കുത്തിവെപ്പിനെത്തിയ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരോടും കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചവന്നതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.