നാദാപുരം: സി.പി.ഐ-സി.പി.എം പോര് മൂർച്ഛിക്കുന്നതിനിടെ നാദാപുരം അസംബ്ലി സീറ്റ് സി.പി.ഐയിൽനിന്ന് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റ് വൈറലാവുന്നു. നാദാപുരം നിയോജക മണ്ഡലത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി മത്സരിക്കണമെന്ന് സി.പി.എം പ്രവർത്തകൻ കക്കംെവള്ളിയിലെ പി.കെ. ബിജു വാട്സ്ആപ് വഴി പാർട്ടി ഏരിയ സെക്രട്ടറി പി.പി. ചാത്തുവിന് അയച്ച ഓഡിയോ സന്ദേശമാണ് വൈറലാവുന്നത്. ഏരിയ സെക്രട്ടറി ക്ലിപ് നാദാപുരം മീഡിയ എന്ന ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു. നാദാപുരത്ത് ഇടതുമുന്നണിയിൽ നിലനിൽക്കുന്ന കടുത്ത ഭിന്നത മറനീക്കിയതോടെ പാർട്ടി നേതൃത്വവും അസ്വസ്ഥമായിട്ടുണ്ട്. അടുത്ത തവണ നാദാപുരം സി.പി.എം പിടിച്ചുവാങ്ങുമെന്ന് പൊതുസമൂഹത്തെ അറിയിക്കാൻ ഏരിയ സെക്രട്ടറി ബോധപൂർവമാണ് ക്ലിപ് ഗ്രൂപ്പിലിട്ടതെന്ന് പറയപ്പെടുന്നു. മൂന്നു പതിറ്റാണ്ടായി സി.പി.ഐ കൈയടക്കിവെച്ച മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ഏറെക്കാലമായി പ്രവർത്തകർ ആവശ്യപ്പെട്ടുവരുകയായിരുന്നു. പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സി.പി.ഐ നേതാക്കളാണ് കാലങ്ങളായി നാദാപുരത്ത് സ്ഥാനാർഥികളായി വരാറുള്ളത്. ഇതിനെതിരെ ഉയരുന്ന വികാരം പാർട്ടി നേതാവ് പരസ്യമാക്കിയത് സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം ഇപ്പോഴേ തുടങ്ങണമെന്നാണ് വോയ്സ് മെസേജിൽ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.