നാദാപുരം: ജല അതോറിറ്റിയുടെ കുന്നുമ്മൽ കുടിവെള്ള പദ്ധതി ഒമ്പതു വർഷമായിട്ടും യാഥാർഥ്യമായില്ല. ഏഴു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ 40 കോടിയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2008ൽ തുടക്കംകുറിച്ച പ്രവൃത്തി പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിക്കായി നാദാപുരം, നരിപ്പറ്റ, കായക്കൊടി, വാണിമേൽ, വളയം, തൂണേരി പഞ്ചായത്തുകളിൽ സംഭരണികളും പൈപ്പ്ലൈനുകളും സ്ഥാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ചിലയിടങ്ങളിൽ സംഭരണികളിൽ ചോർച്ച കണ്ടെത്തിയിരുന്നെങ്കിലും അടക്കാൻ അധികൃതർ തയാറായിട്ടില്ല. കുറ്റ്യാടിപ്പുഴയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് കുറ്റ്യാടി-വടകര റോഡിലെ മെയിൻ ടാങ്കിൽ എത്തിച്ച് കായക്കൊടിയിലെ സംഭരണി വഴി മറ്റു പഞ്ചായത്തിലെ സംഭരണികളിലൂടെ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജല അതോറിറ്റി ട്രയൽ റൺ നടത്തുന്നതിനിടെ മോട്ടോർ തകരാറിലായി. തുടക്കത്തിലേ കോടികൾ ചെലവഴിച്ച പദ്ധതിയുടെ മോട്ടോർ തകരാറിലായത് പുറത്തറിയിക്കാതെ അധികൃതർ മൂടിവെക്കുകയായിരുന്നു. പദ്ധതിയുടെ പ്രവൃത്തി ഡിസംബറിൽ പൂർത്തീകരിക്കുമെന്നാണ് ഒടുവിൽ ജല അതോറിറ്റി പറയുന്നത്. ഇതിനിടെ, പദ്ധതിക്കു പിന്നിൽ വൻ അഴിമതി നടന്നതായും ആരോപണമുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്നതിന് മുമ്പേ വളയം നിരവുമ്മലിലെ സംഭരണിയിലടക്കം ചോർച്ചയുണ്ടായത് സംശയം ബലപ്പെടുത്തുന്നു. ഡോക്യുമെൻററി പ്രകാശനം ഇന്ന് വാണിമേൽ: ക്രസൻറ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർഥികൾ നിർമിച്ച 'മ്മ്‌ടെ മൊയ്തുമാഷ്' ഡോക്യുമെൻററി ശനിയാഴ്ച പ്രകാശനം ചെയ്യും. വൈകീട്ട് ആറുമണിക്ക് വാണിമേൽ ക്രസൻറ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ കെ.എം. ഷാജി എം.എൽ.എ പ്രകാശനം നിർവഹിക്കും. കുഞ്ഞിക്കണ്ണൻ വാണിമേൽ ഡോക്യുമെൻററി പരിചയപ്പെടുത്തും. കവിയും സ്‌കൂളിലെ അധ്യാപകനുമായ കുന്നത്ത് മൊയ്തുവിെൻറ വിരമിക്കലിനോടനുബന്ധിച്ച് പൂർവ വിദ്യാർഥികളാണ് ഡോക്യുമെൻററി തയാറാക്കിയത്. കുന്നത്ത് മൊയ്തു രചിച്ച നൂറോളം രചനകൾക്ക് സ്‌കൂൾ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻററിയുടെ സംവിധായകൻ ഇസ്മായിൽ വാണിമേലും നിർമാണം സി.വി. മൂസ സിലോണുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.