മേപ്പയൂർ: മലബാറിലെ നെല്ലറകളിലൊന്നായ മേപ്പയൂർ പഞ്ചായത്തിലെ കരുവോട് -കണ്ടംചിറ കൃഷിയോഗ്യമാക്കുന്നതിന് ഇൗ മാസം 19ന് സന്നദ്ധ പ്രവർത്തനം നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങളായി തരിശുകിടക്കുന്ന 300 ഏക്കർ സ്ഥലത്തെ പായലും പുല്ലും അയ്യായിരത്തോളം സന്നദ്ധപ്രവർത്തകർ ചേർന്ന് ഒറ്റദിവസം നീക്കംചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി ചിറ സമ്പൂർണമായും കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക് ഗ്രാമപഞ്ചായത്തും മേപ്പയൂർ കൃഷിഭവനും ചേർന്ന് രൂപംനൽകി. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നതിന് ഏഴ് പ്രാദേശിക സംഘാടക സമിതികൾ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി-യുവജന സംഘടന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, മോട്ടോർ തൊഴിലാളികൾ, സ്കൂൾ വിദ്യാർഥികൾ എന്നിവർ സന്നദ്ധ പ്രവർത്തനത്തിൽ അണിചേരും. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, പി.പി. രാധാകൃഷ്ണൻ, യൂസഫ് കോറോത്ത്, ഇ. ശ്രീജയ, പഞ്ചായത്ത് സെക്രട്ടറി ജോണി വർഗീസ്, കൃഷി ഓഫിസർ സമിത നന്ദിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.