കോഴിക്കോട്: നടക്കാവ് സ്വദേശിയും പ്ലസ് ടു വിദ്യാർഥിയുമായ ടി.വി. അജയിനെ മെഡിക്കൽ കോളജ് എസ്.െഎ ഹബീബുള്ള മർദിച്ച സംഭവത്തിൽ മാതാവും മാതൃസഹോദരിയും നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി സിറ്റി പൊലീസ് കമീഷണർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അന്വേഷണത്തിൽ എസ്.െഎ കുറ്റക്കാരനാണെങ്കിൽ നടപടി സ്വീകരിക്കും, അമ്മക്കും ബന്ധുക്കൾക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കും എന്നിവയാണ് ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ. കേസന്വേഷണം ട്രാഫിക് അസി. കമീഷണൻ വി.കെ. രാജുവിനെ ഏൽപിച്ചിരിക്കുകയാണ്. 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരത്തിലായിരുന്നു ബന്ധുക്കൾ. തിങ്കളാഴ്ച മുതൽ സമരം നടത്തിവന്ന മാതാവ് സുലോചനയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് അറസ്റ്റുചെയ്യുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് വ്യാഴാഴ്ച മുതൽ മാതൃസഹോദരിയായിരുന്നു നടക്കാവിലെ സമരപ്പന്തലിൽ നിരാഹാരം തുടർന്നത്. കഴിഞ്ഞമാസം 26നാണ് അജയിനെ മെഡിക്കൽ കോളജ് എസ്.െഎ ഹബീബുള്ള മർദിച്ചത്. അസമയത്ത് ലേഡീസ് ഹോസ്റ്റലിനരികെ കണ്ടത് ചോദിച്ചപ്പോൾ എസ്.െഎ വിദ്യാർഥിയെ മർദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി. ലോഹിതാക്ഷൻ, പി.എം. പ്രേമരാജൻ, കെ.പി. വിജയകുമാർ, എൻ. ഭാഗ്യനാഥൻ, ആനന്ദകനകം, കെ.ടി. അരവിന്ദാക്ഷൻ, ശ്രീജേഷ് എന്നിവർ ചർച്ചയിൽ പെങ്കടുത്തു. അഞ്ചുദിവസമായി നീണ്ടുനിന്ന നിരാഹാര സമരം മുൻ എം.എൽ.എ യു.സി. രാമൻ സമരസത്യഗ്രഹികൾക്ക് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. യോഗത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ പി. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. എൻ.വി. ബാബുരാജ്, േജാജി ജെറോം, വിനോദ് മേക്കോത്ത്, കെ. റീജ, പി. പ്രേമ, പി.കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.