അടുത്ത അദാലത്ത് 13ന് വടകരയിൽ കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ജില്ല ഭരണകൂടം ആവിഷ്കരിച്ച 'ൈകെയത്തും ദൂരത്ത്' അദാലത്ത് വഴി ഇതുവരെയായി 373 പേർക്ക് ആശ്വാസം. കോഴിക്കോട് താലൂക്കിലുള്ളവരുടെ അപേക്ഷകൾ പരിഗണിക്കാൻ എരഞ്ഞിപ്പാലം നായനാർ ബാലികസദനത്തിൽ വ്യാഴാഴ്ച നടന്ന സിറ്റിങ്ങിൽ 118 പേർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കാൻ നടപടി പൂർത്തിയായി. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നടന്ന അദാലത്തിൽ 118 കേസുകൾ പരിഗണിച്ചിരുന്നു. കൊയിലാണ്ടിയിൽ 137 പരാതികൾക്കും നടപടിയായിരുന്നു. നാഷനൽ ട്രസ്റ്റ് ആക്ട് പ്രകാരം ഒട്ടേറെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുള്ളൂ. മറ്റ് സാങ്കേതിക പ്രശ്നങ്ങളാലും ഒട്ടനവധി അപേക്ഷകർ സർട്ടിഫിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ത്വരിതഗതിയിൽ പ്രശ്നപരിഹാരത്തിനായി ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ ജില്ലയിൽ അദാലത്ത് ആരംഭിച്ചത്. നവജ്യോതി ചാരിറ്റബ്ൾ ട്രസ്റ്റാണ് ജില്ലയിൽ നാഷനൽ ട്രസ്റ്റിെൻറ ലോക്കൽ ലെവൽ കമ്മിറ്റി നടത്തിപ്പ് ചുമതല വഹിക്കുന്നത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും സേവന സന്നദ്ധരായ സംഘടനകളും പ്രവർത്തകരും വിദ്യാർഥികളും ഉൾപ്പെട്ട സംഘമാണ് അദാലത്തിന് നേതൃത്വം നൽകുന്നത്. സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനോടൊപ്പം അർഹരായവർക്ക് വികലാംഗ പെൻഷൻ, ആശാകിരണം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും കലക്ടർ ഉറപ്പുവരുത്തി. ചിലർക്ക് വികലാംഗ പെൻഷൻ കുറച്ചുനാളായി ലഭിക്കാത്ത പ്രശ്നമുണ്ടെന്ന് മാതാപിതാക്കൾ കലക്ടറെ അറിയിച്ചു. ആശാകിരണത്തിന് അപേക്ഷിക്കാത്തവർക്ക് ഉടൻ അപേക്ഷ നൽകാനുള്ള നിർദേശവും നൽകി. പ്രഫ. സി.കെ. ഹരീന്ദ്രനാഥ്, ഡോ. വി.ആർ. ലതിക, പി. വിലാസിനി, ഡോ. റോഷൻ ബിജ്ലി തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി. അടുത്ത അദാലത്ത് 13ന് വടകരയിൽ നടക്കും. തണൽ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നടക്കുന്ന അദാലത്ത് രാവിലെ 9.30ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.