കൊയിലാണ്ടി: രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭിക്കുന്ന സപ്ലൈകോ മാവേലി മെഡിക്കൽ സ്റ്റോറിനെ പടിയിറക്കാൻ ആസൂത്രിത നീക്കം. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി കെട്ടിടത്തിലാണ് ഷോപ് പ്രവർത്തിക്കുന്നത്. ഇത് ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. 2002 മുതൽ മാവേലി മെഡിക്കൽ സ്റ്റോർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിക്കു ഈ മുറി വേണമെന്നു വാദിച്ചാണ് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, എട്ടു കോടി ചെലവഴിച്ചു നിർമിച്ച ബഹുനില കെട്ടിടം ഇവിടെ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. സ്വകാര്യ ലോബികളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഷോപ് ഒഴിപ്പിക്കാനുള്ള നീക്കമെന്ന് നാട്ടുകാർ പറയുന്നു. 2240 രൂപയാണ് കെട്ടിടത്തിെൻറ പ്രതിമാസ വാടക. ഇതു വർധിപ്പിച്ചു നൽകാനും സപ്ലൈകോ തയാറാണ്. എന്നാൽ, ഒരു വർഷമായി അധികൃതർ വാടക സ്വീകരിക്കുന്നില്ല. എല്ലാമാസവും വാടക ഡി.ഡി അയച്ചുകൊടുക്കുമെങ്കിലും തിരിച്ചയക്കാറാണു പതിവ്. 15 മുതൽ 25 ശതമാനം വരെ മാവേലി മെഡിക്കൽ ഷോപ്പിൽ മരുന്നിന് വിലക്കുറവുണ്ട്. സർജിക്കൽ സാധനങ്ങൾ 40 ശതമാനം വില കുറച്ചു കിട്ടും. ബി.പി.എൽ വിഭാഗത്തിന് മരുന്നുകൾ 25 ശതമാനം വിലക്കുറവിൽ ലഭിക്കും. ഹിന്ദുസ്ഥാൻ ലാറ്റക്സിെൻറ മെഡിക്കൽ വിഭാഗത്തെ നേരത്തേ ഇവിടെനിന്ന് ഒഴിവാക്കിയിരുന്നു. മാവേലി മെഡിക്കൽ ഷോപ് നിലനിർത്തണം - കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മെഡിക്കൽ ഷോപ് നിലനിർത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയാകാൻ ഒരുങ്ങിയിരിക്കുന്ന ആശുപത്രിയിൽനിന്ന് മാവേലി മെഡിക്കൽ ഷോപ്പിനെ ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് സി.പി.ഐയിലെ ഇ.കെ. അജിത് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യപ്പെട്ടത്. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് ആവശ്യമില്ലെന്നും നിലവിലെ ദേശീയപാത വികസിപ്പിക്കുകയാണ് വേണ്ടതെന്നും ജയരാജൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കൊയിലോത്ത് നഫീസ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിൻസി തോമസ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ശാരദ, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം വി.എം. മധുസൂദനൻ, തഹസിൽദാർ എൻ. റംല, െഡപ്യൂട്ടി തഹസിൽദാർ ടി.കെ. മോഹനൻ, പി. ചാത്തപ്പൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പങ്കാളിത്തക്കുറവും യോഗത്തിൽ വിമർശിക്കപ്പെട്ടു. 39 പേർ പങ്കെടുത്ത യോഗത്തിൽ ഈ വിഭാഗങ്ങളിൽനിന്ന് നാമമാത്ര പങ്കാളിത്തം മാത്രമാണ് ഉണ്ടായത്. 'ജനകീയ സമരത്തെ അടിച്ചമർത്തുന്നത് ഫാഷിസ്റ്റ് രീതി' നന്തിബസാർ: മുക്കം എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് രീതിയാണെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി റസൽ നന്തി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ജനകീയ സമരത്തെ തീവ്രവാദത്തിെൻറ പേരുപറഞ്ഞ് വിഭജിക്കുന്ന സമീപനത്തിൽനിന്ന് സർക്കാർ പിൻവലിയണമെന്നും സി.പി.എം ജില്ല കമ്മിറ്റിയുടെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽനിന്ന് ജനങ്ങളെ ഇറക്കിവിടുന്നു എന്ന പ്രസ്താവന പിൻവലിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.