ജില്ല സ്കൂൾ പ്രവേശനോത്സവം മണക്കാട് ജി.യു.പി സ്കൂളിൽ കോഴിക്കോട്: പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി അക്ഷരമുറ്റത്തേക്ക് പടികടന്നെത്തുന്ന മിടുക്കന്മാരെയും മിടുക്കികളെയും കാത്ത് ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി. പൊതുവിദ്യാലയങ്ങൾ മികവിെൻറ കേന്ദ്രമാക്കുകയെന്ന ദൗത്യം പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ പ്രവേശനോത്സവം അക്ഷരാർഥത്തിൽ ഉത്സവമാക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും നാട്ടുകാരും. പല സ്കൂളുകളും ഹൈടെക് ആക്കുന്നതിെൻറ ഭാഗമായി സ്മാർട്ട്ക്ലാസ് റൂമുകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കുന്നതിലൂടെ സർക്കാർ സ്കൂളുകളിൽ മുൻ വർഷത്തേക്കാൾ കുട്ടികളെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി വിദ്യാർഥികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങളുടെ വിതരണം സ്കൂൾ തുറക്കുന്നതിനുമുമ്പുതന്നെ പൂർത്തിയാക്കിയിട്ടുണ്ട്. യൂനിഫോം വിതരണം നടന്നുകൊണ്ടിരിക്കുന്നു. മാവൂർ പഞ്ചായത്തിലെ മണക്കാട് ജി.യു.പി സ്കൂളിലാണ് ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവത്തിെൻറ ജില്ലാതല ഉദ്ഘാടനം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.കെ. പാറക്കടവ് മുഖ്യാതിഥിയായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നവാഗതർക്ക് സ്വീകരണം നൽകും. പഠനോപകരണ വിതരണം ജില്ല കലക്ടർ യു.വി ജോസും യൂനിഫോം വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദും നിർവഹിക്കും. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും ആഘോഷത്തിന് മുന്നോടിയായി ഘോഷയാത്രയും ഒരുക്കും. ഓരോ സ്കൂളുകളിലും വിപുലമായ ഒരുക്കങ്ങളാണ് നവാഗതരെ സ്വീകരിക്കാനായി നടത്തിക്കൊണ്ടിരിക്കുന്നത്. ഡി.ഡി.ഇ ഗിരീഷ് ചോലയിൽ, മണക്കാട് ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ വി. രാജഗോപാലൻ, മാവൂർ പഞ്ചായത്തംഗവും സ്കൂൾ പി.ടി.എ പ്രസിഡൻറുമായ സുരേഷ് പുതുക്കുടി, എസ്.എസ്.എ ഡി.പി.ഒ എം. ജയകൃഷ്ണൻ, പി. വസീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സ്കൂളുകളിൽ ആരോഗ്യവിഭാഗത്തിെൻറ പരിശോധനയും കോഴിക്കോട്: അധ്യയന വർഷാരംഭത്തിനുമുമ്പ് സ്കൂളുകളിൽ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പരിശോധനയും നടക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് ഓരോ സ്കൂളിലും പരിശോധന നടത്തുന്നത്. സ്കൂളുകളിൽ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ബുധനാഴ്ചയോടെ പരിശോധന പൂർത്തിയാക്കാനാണ് ഉേദ്ദശിക്കുന്നത്. എച്ച്1 എൻ1, ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ വ്യാപകമായി പടർന്നുപിടിക്കുന്നതിനാൽ പ്രതിരോധവും ജാഗ്രതയും ശക്തമാക്കുന്നതിനായാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇത്തരമൊരു നിർദേശം നൽകിയത്. സ്കൂളുകളിലെ ഭക്ഷണപ്പുരകൾ, ശൗചാലയങ്ങൾ തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതർ നൽകും. അടുത്ത ദിവസം നടക്കുന്ന മാസാന്ത യോഗത്തിൽ ഇതിെൻറ റിപ്പോർട്ട് ശേഖരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.