--------നാദാപുരം: തൂണേരി ടൗണിന് സമീപം ബ്ലോക്ക് ഒാഫിസ് പരിസരത്തെ തണ്ണീർത്തടം ചെറിയ ചെറുവത്ത് കുളം മാലിന്യനിക്ഷേപ കേന്ദ്രമായി. പരിസര പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് നീരുറവയായി പ്രവർത്തിച്ചിരുന്ന കുളം കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി കാലത്താണ് അനാഥമായത്. സംസ്ഥാന ഹൈവേയുടെ ഓരത്ത് സ്ഥിതിചെയ്തിരുന്ന കുളത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പുകാലത്ത് സ്വകാര്യ വ്യക്തികളുടെ സ്വന്തമായിരുന്ന കുളം റോഡ് പരിഷ്കരണത്തിന് സ്ഥലം അക്വയർ ചെയ്തപ്പോൾ പുറമ്പോക്കിലായിത്തീർന്നു. ഇതോടെയാണ് കുളത്തിന് മരണമണി മുഴങ്ങിയത്. 15- മീറ്ററോളം നീളവും വീതിയുമുണ്ടായിരുന്ന കുളം ആളുകൾ കുളിക്കാനും അലക്കാനും ഉപയോഗപ്പെടുത്തിയിരുന്നു. കുളത്തിലെ വറ്റാത്ത നീരുറവ പരിസരപ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനവും ഉയർത്തിയിരുന്നു. എന്നാൽ, പിന്നീട് ഗ്രാമപഞ്ചായത്ത് വക മാലിന്യ നിക്ഷേപ കേന്ദ്രമാക്കി കുളം മാറ്റുകയായിരുന്നു. ഇപ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ് കുളം അപ്രത്യക്ഷമായി. ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ രൂക്ഷമായ ആരോഗ്യപ്രശ്നമാണ് ഉണ്ടാക്കുന്നത്. പരിസരത്തെ വീടുകളിലെ കിണർ ജലത്തിലും ഇതുകാരണം മലിനജലം കലർന്നതായി പരാതിയുണ്ട്. കുളം കൈയേറി മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതിനെതിരെ നാട്ടുകാർ ഒാംബുഡ്സ്മാന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.