നരിക്കുനി: ദേശീയ ചലച്ചിത്ര അവാർഡ് നേടിയ സുരഭിലക്ഷ്മിക്ക് സ്വന്തം ഗ്രാമമായ നരിക്കുനിയിലെ ജനസഞ്ചയം ആവേശോജ്ജ്വല സ്വീകരണം നൽകി. ചിനുങ്ങിപ്പെയ്യുന്ന വേനൽമഴയെ തെല്ലും കൂസാതെ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്ന ഘോഷയാത്രയും തുടർന്ന് നടന്ന സ്വീകരണവും നരിക്കുനിക്ക് നവ്യാനുഭവമായി. ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്നാരംഭിച്ച് ചെണ്ട, ബാൻഡ്മേളം, ശിങ്കാരിമേളം, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ സുരഭിയെ കുതിരവണ്ടിയിലിരുത്തി നരിക്കുനി ചുറ്റിയ ഘോഷയാത്ര ബസ്സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്വീകരണ നഗരിയിൽ അവസാനിച്ചു. തുടർന്ന്, നടന്ന പൊതുചടങ്ങ് സിനിമനടി റീമ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മീഡിയവണിലെ 'എം 80 മൂസ' എന്ന സീരിയലിലൂടെ സുരഭി അവതരിപ്പിച്ച സാധാരണക്കാരെൻറ നന്മയുടെ ഭാഷയാണ് മലയാളിക്ക് അവരെ ചിരപരിചിതയാക്കിയതെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു പറഞ്ഞു. സംവിധായകൻ ജയരാജ്, സബിത ജയരാജ്, സജിത മഠത്തിൽ, വിജയൻ കാരന്തൂർ, എം 80 മൂസയുടെ സംവിധായകൻ ഷാജി അസീസ്, ദീദി ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. സുരഭിയുടെ ഗുരുനാഥൻമാരെ വേദിയിൽ ആദരിച്ചു. നരിക്കുനിയുടെ കൂട്ടായ്മയിൽ അഭിമാനം തോന്നുന്നുവെന്നും ഇത് തനിക്ക് ഏറെ ശക്തി പകരുന്നതാണെന്നും സുരഭി മറുപടി പ്രസംഗത്തിൽ പറഞ്ഞു. നരിക്കുനി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വബിത സ്വാഗതവും സുനിൽകുമാർ കട്ടാടശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.