കോഴിക്കോട്: മെഡിക്കൽ വിദ്യാർഥികളുടെ സാംസ്കാരിക ഉത്സവമായ ഇൻറർമെഡിക്കോസ് മറ്റു കലോത്സവങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരുപിടി പരിപാടികളുമായി വേദിയിൽ ചിരിപടർത്തി. വെള്ളിയാഴ്ച വേദിയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത് 'അഡ്സാപ്പ്' എന്ന മത്സര ഇനമായിരുന്നു. പേര് സൂചിപ്പിക്കുംപോലെതന്നെ പരസ്യങ്ങളുമായി ബന്ധപ്പെട്ടതുതന്നെയാണ് ഇൗ പരിപാടി. ആതുരസേവന രംഗത്ത് പ്രഗല്ഭരാവേണ്ട പുതുതലമുറയുടെ പുളുവടിയിലെയും അഭിനയത്തിലെയും പരസ്യ വിപണനത്തിലെയും പാടവം അളക്കുന്നതായിരുന്നു ഇൗ ഇനം. തങ്ങൾക്ക് ലഭിക്കുന്ന ഉൽപന്നത്തിെൻറ പരസ്യം നൂതനവും പുതുമയാർന്നതുമായി അവതരണ രീതിയിലൂടെ പ്രേക്ഷകെനയും വിധികർത്താക്കളെയും ഉൽപന്നം വാങ്ങാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം അവതരണം. അഞ്ചുമിനിറ്റ് സമയം അവതരണത്തിനും രണ്ടുമിനിറ്റ് വിധികർത്താക്കൾക്കുള്ള ചോദ്യങ്ങൾക്കുമായാണ് ഒരുക്കിയത്. ഇതിൽ തങ്ങൾക്കനുവദിച്ച അഞ്ച് മിനിറ്റിൽ പരസ്യങ്ങൾ അവതരിപ്പിച്ച മിക്ക ടീമുകളും കാണികളെ കുടുകുടെ ചിരിപ്പിച്ചു. തങ്ങൾക്ക് ലഭിച്ച 'പശ' എന്ന വിഷയം നർമത്തിൽ ചാലിച്ച് ഇതിെൻറ ഗുണങ്ങളും പ്രേത്യകതകളും വിശദീകരിച്ച് 'ബീഗം' എന്ന പശ ബ്രാൻറിെൻറ പരസ്യം ഗംഭീരമാക്കിയ തൃശൂർ മെഡിക്കൽ കോളജ് മത്സര വിജയികളായി. വിപണിയെ കീഴടക്കാൻ പോകുന്ന 5ജി സാേങ്കതികവിദ്യയിൽ ചൊവ്വയിൽനിന്ന് ഇറക്കുമതി ചെയ്ത 'ചൊവ്വാമാൻ കണ്ണട' പരസ്യം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളജും പുലിമുരുകൻ ചെരുപ്പിെൻറ പരസ്യം രസകരമാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളജും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പരസ്യാവതരണത്തിന് ശേഷം നടന്ന വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉരുളക്കുപ്പേരികണക്കെ തന്നെ മറുപടി പറഞ്ഞിട്ടാണ് ഇവർ വിജയികളായത്. ടീമുകളുടെ പല ഉത്തരങ്ങളും വേദിയിൽ പൊട്ടിച്ചിരി ഉയർത്തി. പുളുവടിയിലെ വിദഗ്ധരെ കണ്ടെത്താൻ നടന്ന 'മിസ്റ്റർ ആൻഡ് മിസിസ് എസ്.പി' മത്സരവും നറുക്കെടുപ്പിലൂടെ ലഭിച്ച വ്യക്തിയെ ശരീരഭാഷയിലൂടെ അനുകരിച്ച് കാണിക്കേണ്ട 'മോക്ക് പ്രസും' വ്യാഴാഴ്ച കലോത്സവവേദിയെ ചിരിയിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.