കോഴിക്കോട്: നഗരത്തിൽ ഇനി സ്ത്രീ സൗഹൃദ പൊലീസ് സ്റ്റേഷനും. ടൗൺ സ്േറ്റഷനാണ് പൂർണമായും സ്ത്രീ സൗഹൃദമാകുന്നത്. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും നവീകരണവും സ്റ്റേഷനിൽ ആരംഭിച്ചു. ഇൗ മാസം അവസാനത്തോടെ ജില്ലയിലെ ആദ്യ സ്ത്രീ സൗഹൃദ പൊലീസ് സ്റ്റേഷെൻറ പ്രഖ്യാപനം നടക്കും. സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് യൂനിസെഫിെൻറ സഹകരണത്തോടെ ആഭ്യന്തരവകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ കോഴിക്കോട് ടൗണിനൊപ്പം തിരുവനന്തപുരം ഫോർട്ട്, കൊല്ലം ഇൗസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂർ ടൗൺ ഇൗസ്റ്റ്, കണ്ണൂർ ടൗൺ സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാകുന്നുണ്ട്. പരീക്ഷണാർഥത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയമെങ്കിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. സ്റ്റേഷനിൽ സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള മുറിയുടെ നവീകരണം പൂർത്തിയായതായി ടൗൺ എസ്.െഎ ഇ.കെ. ഷിജു പറഞ്ഞു. സ്റ്റേഷനുമുന്നിലെ ഇൗ മുറിയിൽ ടോയ്ലറ്റ് ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. പരാതി നൽകാനെത്തുന്ന സ്ത്രീകൾ ഇവിടെയിരുന്നാൽ മതി. വനിത പൊലീസ് ഒാഫിസർ എത്തി വിവരങ്ങൾ ശേഖരിക്കും. കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ഇവിടെയൊരുക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ െഎ.എസ്.ഒ അംഗീകാരം ലഭിച്ച സ്റ്റേഷനാണിത്. മാത്രമല്ല കേന്ദ്രീകൃത സെൽ സമ്പ്രദായവും നടപ്പാക്കിയിരുന്നു. വനിത സൗഹൃദമാവുന്നതിെൻറ ഭാഗമായി കുട്ടികളുമായി ബന്ധപ്പെട്ട പരാതികളിൽ ചർച്ച നടത്തുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും ചൈൽഡ് വെൽഫെയർ ഒാഫിസറെ നിയോഗിക്കും. ഇത്തരം കേസുകളുടെ വിവരം രേഖപ്പെടുത്തുന്നതിന് മാത്രമായി പ്രത്യേക രജിസ്റ്ററും സൂക്ഷിക്കും. എസ്.െഎ, ചൈൽഡ് വെൽഫെയർ ഒാഫിസർ ഉൾപ്പെടെയുള്ളവർക്ക് യൂനിസെഫിെൻറ നേതൃത്വത്തിൽ പരിശീലനം നൽകും. പദ്ധതി നടത്തിപ്പിന് മുന്നോടിയായി വിവിധ രംഗത്തുള്ളവരെ ഉൾപ്പെടുത്തി സി.െഎയുടെ നേതൃത്വത്തിൽ ചിൽഡ്രൻ ആൻഡ് പൊലീസ് ആക്ഷൻ ഗ്രൂപ് രൂപവത്കരിക്കും. എസ്.െഎയായിരിക്കും കൺവീനർ. ജില്ലതലത്തിൽ ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രൂപവത്കരിക്കുന്ന കമ്മിറ്റി കൺവീനർ ക്രൈം റെക്കോർഡ് ബ്യൂറോ ഡി.വൈ.എസ്.പിയായിരിക്കും. ഡി.ജി.പി ചെയർമാനായുള്ള സമിതിയാണ് സംസ്ഥാനതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.