എകരൂൽ: സൗദിയിൽ നിയമക്കുരുക്കിൽപെട്ട് യാത്രവിലക്ക് നേരിടുന്ന പ്രമുഖ പ്രവാസി മനുഷ്യാവകാശ പ്രവർത്തകൻ ബാലുശ്ശേരി തെച്ചി സ്വദേശി ലത്തീഫ് തെച്ചിയുടെ പ്രശ്നത്തിൽ കേന്ദ്ര-കേരള സർക്കാറുകൾ ഇടപെടണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. റിയാദിൽ കാർ സർവിസ് സ്റ്റേഷനിൽ ജോലിചെയ്തുകൊണ്ടിരിക്കെ വാഹനം മറ്റൊരാൾക്ക് നൽകിയ കേസിൽ ജയിലിലായ മലപ്പുറം എടപ്പാൾ സ്വദേശി മങ്ങാരത്ത് നാരായണന് വേണ്ടി കോടതിയിൽ വക്കാലത്ത് ഏറ്റെടുത്തതാണ് ലത്തീഫ് തെച്ചിയെ നിയമക്കുരുക്കിലാക്കിയത്. 2010 സെപ്റ്റംബർ അഞ്ചിന് റിയാദിലെ നസീമിൽ കാർ സർവിസ് സെൻററിൽ കഴുകാൻ കൊണ്ടുവന്ന കാർ, ഉടമയുടെ സഹോദരനെന്ന വ്യാജേന മറ്റൊരാൾ നാരായണനിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. യഥാർഥ ഉടമ വാഹനമെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാവുന്നത്. കേസിൽ അഞ്ചുവർഷത്തെ തടവുശിക്ഷ കഴിഞ്ഞ് നാരായണൻ പുറത്തുവന്നെങ്കിലും വാഹന ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേൽകോടതിയെ സമീപിച്ചതിനാൽ നാരായണന് സൗദി വിട്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവായി. വിവിധ കാരണങ്ങളാൽ 21 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട നാരായണെൻറ യാത്രാവിലക്ക് നീക്കാനാണ് പ്രവാസി സാംസ്കാരികവേദിയുടെ പ്രവർത്തകൻ കൂടിയായ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചത്. മാസങ്ങളോളം നീണ്ട കോടതിനടപടികൾക്കുശേഷം നാരായണെൻറ യാത്രവിലക്ക് നീക്കുകയും 2016 മാർച്ച് 10ന് നാരായണൻ നാട്ടിലേക്ക് പോവുകയും ചെയ്തു. നാരായണൻ പാപ്പരാണെന്നതിനുള്ള രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നതിനാൽ അനുകൂലവിധി വരുമെന്ന പ്രതീക്ഷയിലായിരുന്നു സാമൂഹികപ്രവർത്തകർ. സ്വന്തം ഇഖാമയുടെ (ഐ.ഡി കാർഡ്) പകർപ്പിൽ വക്കാലത്ത് ഏറ്റെടുത്തതിനാൽ നാരായണെൻറ ബാധ്യതകൾ മുഴുവൻ ലത്തീഫിെൻറമേൽ ചുമത്തപ്പെട്ട അവസ്ഥയാണ് വന്നുചേർന്നത്. ഒരു വർഷത്തിലധികമായി സൗദി വിട്ടുപോകാൻ കഴിയാതെ പ്രയാസത്തിലാണ് ഈ സാമൂഹിക പ്രവർത്തകൻ. അതിനിടെ രോഗിയായ മാതാവിനെ കാണാൻ നാട്ടിൽ പോകാനുള്ള ശ്രമവും പരാജയപ്പെട്ടു. സഹജീവിയുടെ ദുരിതമകറ്റാൻ മറ്റൊന്നും ചിന്തിക്കാതെ മുഴുവൻ ബാധ്യതയും ചുമക്കേണ്ടിവന്ന ലത്തീഫിന് നീതി ലഭ്യമാക്കാൻ ഗൾഫിലും നാട്ടിലുമുള്ള മനുഷ്യസ്നേഹികള്‍ ‘ജസ്റ്റിസ് ഫോർ ലത്തീഫ് തെച്ചി’എന്ന പേരിൽ കൂട്ടായ്മക്ക് രൂപം നൽകി. ലത്തീഫിെൻറ വൃദ്ധമാതാവ് ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടിക്കും ‘ജസ്റ്റിസ് ഫോർ ലത്തീഫ് തെച്ചി’പ്രവര്‍ത്തകര്‍ ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിക്കും നിവേദനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.