കോഴിക്കോട്: അലഞ്ഞുതിരിയുന്ന കാലികളെ നിയന്ത്രിക്കാൻ നഗരസഭ നടപടി ആരംഭിച്ചു. കല്ലായി ഭാഗത്ത് അലഞ്ഞുതിരിഞ്ഞ മൂന്നു പോത്തുകളെ കഴിഞ്ഞ ദിവസം കോർപറേഷൻ ആരോഗ്യവിഭാഗം പിടികൂടി. ഇവയെ ലേലം ചെയ്യാനാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചക്കു ശേഷം മൂന്നിന് പയ്യാനക്കൽ ഹെൽത്ത് സർക്കിൾ ഒാഫിസിന് മുന്നിൽ ലേലം നടക്കും. കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിൽ വണ്ടിയിടിച്ച് േപാത്ത് ചത്തിരുന്നു. ഇതേ തുടർന്നാണ് നടപടി. കാലികൾ കൂട്ടമായി നിരത്തിലിറങ്ങി ഗതാഗത തടസ്സവും അപകടവുമുണ്ടാക്കുന്നുണ്ട്. ഉടമകൾ വരുന്നില്ലെങ്കിൽ പിടികൂടുന്ന കാലികളെ ലേലം ചെയ്ത് വിൽക്കാമെന്നാണ് ചട്ടം. 48 മണിക്കൂർ കഴിഞ്ഞാൽ കോർപറേഷന് എപ്പോൾ വേണമെങ്കിലും ലേലം ചെയ്യാനാവും. 1961ലെ കേരള കാറ്റിൽ ട്രസ്പാസ് ആക്ട് പ്രകാരമാണ് നടപടികൾ. നഗര പരിധിയിൽ പാളയം, ബീച്ച്, രാജാജി റോഡ്, മാവൂർ റോഡ് എന്നിവിടങ്ങളിലാണ് കാലികളുടെ ശല്യം കൂടുതൽ. പാളയത്ത് പച്ചക്കറി മാർക്കറ്റിൽ കാലികളുടെ കുത്തേറ്റ് മുമ്പ് ഏറെപേർക്ക് പരിക്കേറ്റിരുന്നു. വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് കാലികൾ ചാവുന്നത് സ്ഥിരമാണ്. അലഞ്ഞുതിരിയുന്ന കാലികളെ പിടികൂടി പാർപ്പിച്ചിരുന്ന രണ്ടാം ഗേറ്റിന് സമീപത്തെ അരവിന്ദ് ഘോഷ് റോഡിലുള്ള കോർപറേഷൻ തൊഴുത്ത് തകർന്നു കിടപ്പാണ്. വർഷങ്ങൾക്കു മുമ്പ് കാലികളെ പിടികൂടി നടപടിെയടുക്കുന്നത് നഗരത്തിൽ പതിവായിരുന്നെങ്കിലും പിന്നീട് എല്ലാം നിലച്ചു. തൊഴുത്ത് നവീകരിച്ച് നഗരത്തിൽ അലയുന്ന കാലികളെ പിടികൂടി ഇവിടെ പാർപ്പിച്ചാൽ ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാവും. മാസങ്ങൾക്കു മുമ്പ് കോർപറേഷൻ കാലിലേലത്തിൽ 80,000 രൂപ പിരിഞ്ഞുകിട്ടിയിരുന്നു. സാക്ഷ്യപത്രം, മേലിൽ കാലികളെ വിടില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് നൂറു രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം എന്നിവ ഹാജരാക്കിയാൽ മാത്രമേ കാലികളെ ഉടമകൾക്ക് വിട്ടുകൊടുക്കുകയുള്ളൂ. വലിയ കാലിക്ക് പിടിത്തക്കൂലി 2000 രൂപയും ചെറുതിന് 500 രൂപയും ആയിരം രൂപ പിഴയും ദിവസം 500 രൂപവച്ച് തീറ്റക്കൂലിയും നൽകണം. ചെറുതാണെങ്കിൽ തീറ്റക്കൂലി 250 മതി. കുറ്റം രാജിയാകാനുള്ള കോമ്പൗണ്ടിങ് ഫീസായി 10 രൂപയും ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.