ബേപ്പൂർ: ലക്ഷദ്വീപ് യാത്രാ കപ്പലിൽ കയറിപ്പറ്റാൻ ബേപ്പൂർ തുറമുഖത്തിനു സമീപത്തെ ടിക്കറ്റ് കൗണ്ടറിൽ ദ്വീപ് നിവാസികളുടെ പെടാപ്പാട്. ലക്ഷദ്വീപ് കോഒാപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷെൻറ തൊട്ടടുത്ത് വളരെ പഴക്കംചെന്ന ഓടിട്ട കൊച്ചുവീടിെൻറ ചെറിയൊരു ഭാഗം ഗ്രിൽസ് കൊണ്ട് മറച്ചാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്. തൊട്ടടുത്ത് മാലിന്യം തള്ളി വൃത്തിഹീനമായ നിലയിലാണ്. ബേപ്പൂരിൽനിന്നും കൊച്ചിയിൽനിന്നും പുറപ്പെടുന്ന യാത്ര കപ്പലുകൾക്കുള്ള ടിക്കറ്റുകൾ മൂന്ന് ജീവനക്കാർ ചേർന്നാണ് കൊടുക്കുന്നത്. കപ്പൽ പുറപ്പെടുന്നതിെൻറ മൂന്നോ നാലോ ദിവസം മുമ്പ് പൂരിപ്പിച്ച ഫോറം കൗണ്ടറിൽ കൊടുത്താൽ ടിക്കറ്റ് അടിച്ചുകൊടുക്കണമെന്നാണ് ചട്ടം. എന്നാൽ, സംവിധാനങ്ങളൊന്നും ക്രമമായി നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ജീവനക്കാരുടെ ഇഷ്ടങ്ങൾക്കൊത്താണ് കാര്യങ്ങളൊക്കെയെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. കപ്പൽ എന്ന് പുറപ്പെടുമെന്നോ ടിക്കറ്റ് വിതരണം എപ്പോൾ ആരംഭിക്കുമെന്നോ അറിയണമെങ്കിൽ രാവും പകലും സ്ത്രീകളും കുട്ടികളും കാത്തിരിക്കണം. നൂറുകണക്കിന് പേർ ടിക്കറ്റിനായി വരിയിൽ നിൽക്കുേമ്പാൾ ഏതാനും ടിക്കറ്റുകൾ മാത്രം നൽകി വിതരണം നിർത്തുന്നതായും പരാതിയുണ്ട്. ഇതുകാരണം, ഒന്നോ രണ്ടോ ദിവസത്തെ ആവശ്യത്തിനു വരുന്ന ദ്വീപുകാർ ഇവിടെ ആഴ്ചകളോളം കുടുങ്ങിപ്പോവുകയാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സാർഥവും മറ്റുമാണ് ദ്വീപുകാർ വരുന്നത്. ടിക്കറ്റ് നൽകുന്ന ജീവനക്കാർ താൽപര്യമുള്ളവർക്ക് തരപ്പെടുത്തി കൊടുക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഇതുകാരണം, നേരത്തേ വന്നവർക്ക് മുഴുവൻ ടിക്കറ്റ് കിട്ടാതെ പോകുന്നുവെന്നാണ് ആരോപണം. കുടുംബത്തിലെ ഒന്നോ രണ്ടോ പേർ യാത്ര ചെയ്യുകയും ബാക്കിയുള്ളവരുടേത് മുടങ്ങുകയും ചെയ്യുന്നത് പതിവാണ് . കിട്ടിയ ടിക്കറ്റുമായി കപ്പലിൽ കയറുമ്പോഴുള്ള കർശന പരിശോധനയിൽ തിരിച്ചറിയൽരേഖയിലെ പേരിലും ടിക്കറ്റിലെ പേരിലുമുള്ള ചെറിയ അക്ഷര വ്യത്യാസത്തിെൻറ കാരണത്താൽ യാത്ര തടഞ്ഞ അനുഭവവും ധാരാളം. ലക്ഷദ്വീപ് പൊലീസിെൻറ ഇത്തരം നടപടിയിൽ കിട്ടിയ ടിക്കറ്റ് കീറിക്കളഞ്ഞു പ്രതിഷേധിച്ചവർ പോലുമുണ്ട്. കൗണ്ടറിൽനിന്നു ജീവനക്കാർ ക്രമമില്ലാതെയാണ് ടിക്കറ്റ് നൽകുന്നത്എന്നതിനാൽ ക്യൂവിൽ ഉന്തലും തള്ളലും കശപിശയും നിത്യ സംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.