കുന്ദമംഗലം: സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ സമരം ചെയ്യുന്ന മർകസ് വിദ്യാർഥികളുടെ സമരപ്പന്തലിലെ നിരാഹാരമിരിക്കുന്ന വിദ്യാർഥിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചത് സംഘർഷമുണ്ടാക്കി. വെള്ളിയാഴ്ച വൈകീട്ട് 3.30ന് സമരപ്പന്തലിൽ ഇരച്ചെത്തിയ പൊലീസ് നിരാഹാരമിരിക്കുന്ന ഷമീർ തൃശൂരിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചത് വിദ്യാർഥികൾ ഒന്നടങ്കം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സമരപ്പന്തലിലെത്തിയ കുന്ദമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. ചിത്ര അവശനായ ഷമീറിനോട് നില വളരെ മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റാൻ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. കുന്ദമംഗലം എസ്.െഎ എസ്. രജീഷും ഇത് പറഞ്ഞെങ്കിലും ഷമീർ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് വൻ പൊലീസ് സംഘം സമരപ്പന്തലിലെത്തി ബലമായി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചതാണ് അരമണിക്കൂറോളം പൊലീസും സമരക്കാരും പിടിവലിക്കിടയാക്കിയത്. പിടിവലിയിൽ റിയാസ് മലയമ്മ, ഷാക്കിർ കുറ്റിക്കടവ്, സിയാദ് മുണ്ടുപാലം എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വണ്ടിയിൽ കയറ്റി. എന്നാൽ, പൊലീസ് വണ്ടി സമരത്തിലുള്ള വിദ്യാർഥികൾ തടഞ്ഞതോടെ വീണ്ടും സംഘർഷമുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ എം. ധനീഷ്ലാൽ, ബാബു നെല്ലൂളി, യൂത്ത് ലീഗ് നേതാക്കന്മാര ഒ.എം. നൗഷാദ്, ഒ. സലീം എന്നിവർ പൊലീസുമായി ചർച്ച നടത്തുകയും ഷമീറിനെ ആശുപത്രിയിലേക്ക് മാറ്റാമെന്നും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും നിർദേശം വെച്ചത് പൊലീസ് അംഗീകരിച്ചതോടെയാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. പൊലീസ് അസി. കമീഷണർ (നോർത്ത്) പൃഥ്വിരാജ്, കോഴിക്കോട് തഹസിൽദാർ അനിതകുമാരി, ചേവായൂർ സി.െഎ കെ.കെ. ബിജു എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.