കോഴിക്കോട്: വേനൽ മഴക്കുപിന്നാലെ നഗരപരിധിയിലെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷം. കോതി, മുഖദാർ, പള്ളിക്കണ്ടി, നൈനാംവളപ്പ് ഭാഗങ്ങളിലാണ് ഭീതിവിതച്ച് തിരമാല വീശിയടിക്കുന്നത്. കോതി മേഖലയിൽ 44 വീട്ടുകാരാണ് കടലാക്രമണഭീഷണി നേരിടുന്നത്. ഇതിൽ ബഷീർ, അഹമ്മദ് കോയ, മുഹമ്മദ്, നിസാർ, കോയമോൻ, ഫൈസൽ, അസീസ് തുടങ്ങി 15 പേരുടെ വീടിെൻറ അടുക്കളയും ശുചിമുറിയും ഉൾപ്പെടെ ഭാഗികമായി തകർന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതലുള്ള ശക്തിയേറിയ തിര അടുക്കളയുടെ ഉള്ളിലേക്ക് വരെ എത്തിയതോടെ ഗ്യാസ്, മിക്സി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിച്ചു. അടുക്കള വാതിൽ, മേൽക്കൂരയിലെ ഒാടുകൾ എന്നിവയും തകർന്നിട്ടുണ്ട്. പലരും ബന്ധുവീടുകളിൽ അഭയം തേടാനുള്ള ഒരുക്കത്തിലാണ്. ഇൗ ഭാഗത്ത് കടൽഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമല്ലാത്തതിനാൽ മതിയായ പ്രയോജനം ലഭിക്കുന്നിെല്ലന്നാണ് വീട്ടുകാർ പറയുന്നത്. പുലിമുട്ടുപോലെ കടലിലേക്ക് നീളത്തിൽ കല്ലുകൾ ഇട്ടാൽ മാത്രമേ തിരയുടെ ശക്തികുറക്കാനാവൂ. എന്നാൽ, ഇതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലത്രെ. മാത്രമല്ല, േകാടിക്കണക്കിന് രൂപയാണ് ഇവിടെ കടൽഭിത്തി നിർമാണത്തിനായി വിവിധ വർഷങ്ങളിൽ ചെലവഴിച്ചത്. ഇൗ തുകയുണ്ടായിരുന്നെങ്കിൽ ഇവിടത്തെ 44 കുടുംബങ്ങളെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാമായിരുെന്നന്നും ഇവർ പറയുന്നു. മുഹമ്മദലി കടപ്പുറത്ത് കെട്ടിയിട്ട മത്സ്യബന്ധന വള്ളങ്ങളിൽ ചിലത് കൂറ്റൻ തിരമാലകളടിച്ച് കയറിവന്ന മണലിൽ മൂടിപ്പോയിട്ടുണ്ട്. തൊഴിലാളി കൈക്കോട്ടും മറ്റുമുപയോഗിച്ച് മണൽനീക്കിയാണ് ഇവ പുറത്തെടുത്തത്. തിരമാലയുടെ ശക്തി കുറയാത്തതിനെതുടർന്ന് മത്സ്യബന്ധനവള്ളങ്ങൾ റോഡിലേക്ക് കയറ്റിയിട്ടിരിക്കുകയാണ്. ഇൗ ഭാഗത്ത് വൻതോതിൽ മാലിന്യം അടിഞ്ഞുകൂടിയതും വീട്ടുകാരെ വലക്കുന്നുണ്ട്. സൗത്ത് ബീച്ചിൽ ലോറി സ്റ്റാൻഡിനടുത്തുള്ള പഴയസാധനകടകളിൽ കൂട്ടിയിട്ട കടലാസും കാർബോർഡ് ചട്ടകളും ശക്തമായ തിരമാലയിൽ നനഞ്ഞുപോയി. പഴയ ഒാടുകൾ വിൽക്കുന്നതുൾപ്പെടെയുള്ള ഷെഡുകളിലേക്ക് വെള്ളം എത്തി. ചില ഷെഡുകൾ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കോഴിക്കോട് കടപ്പുറത്തും ശക്തമായ തിരമാലകളാണ് അനുഭവപ്പെട്ടത്. വലിയ തോതിലാണ് ഇവിടെ മണലും മാലിന്യവും അടിഞ്ഞുകൂടിയത്. കോർപറേഷൻ ഒാഫിസ്, ആകാശവാണി, ലൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മാലിന്യം നിറഞ്ഞത് സായാഹ്നം ചെലവഴിക്കാനെത്തിയവരെ വലച്ചു. കടൽപാലത്തിനടുത്തായി ഷൂട്ടിങ്ങിന് നിർമിച്ച താൽക്കാലിക വീടിന് നേരിയ കേടുപാടുണ്ടായിട്ടുണ്ട്. തിരമാലയിൽ അപകടകരമാംവിധം സെൽഫിയെടുക്കാനെത്തുന്നവരെയും മറ്റും പൊലീസ് വിലക്കുകയായിരുന്നു. വെള്ളയിൽ, പുതിയാപ്പ തുറമുഖങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. വെള്ളിയിൽ പുലിമുട്ടിെൻറ നീളം കൂട്ടാത്തതിനാൽ വാർഫിലേക്ക് നേരത്തേതന്നെ മണലടിഞ്ഞ് കൂടുന്നുണ്ട്. തിരമാലയുടെ ശക്തികൂടിയതോടെ ഇത് ഇരട്ടിയായി. വാർഡ് കൗൺസിലർ സി. അബ്ദുറഹിമാൻ, വില്ലേജ് ഒാഫിസർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.