കോഴിക്കോട്: തൂവലുകൾകൊണ്ട് മുഖം മറച്ചിരിക്കുന്ന ജാക്കബൈൻ പ്രാവ്, തലനിറയെ ഇടതൂർന്ന മുടിപോലെ തൂവൽ നിറഞ്ഞ ബൊക്കാറോ, മറ്റൊരിടത്ത് രാജകീയ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്ന കിങ് പീജിയൻ, പിറകിലെ തൂവലുകളൊന്നായി മയിൽപ്പീലിപോലെ വിടർത്തി കാഴ്ചക്കാെര ആകർഷിക്കുന്ന ഷീൽഡ് ഫാൻഡൈൽ, ഞാനാണേറ്റവും നീളമുള്ള പ്രാവെന്ന ഭാവത്തോടെ അരമീറ്ററോളം നീളമുള്ള ഓൾഡ് ജർമൻ ക്രോപ്പർ, ഇവർക്കെല്ലാമൊപ്പം കുഞ്ഞൻ മുഖവും വലിയ ഉന്തിനിൽക്കുന്ന കണ്ണുകളുമായി കുഞ്ഞുമുഖ പ്രാവ്... കണ്ടംകുളം ജൂബിലി ഹാളിൽ തുടങ്ങിയ പ്രാവ് പ്രദർശനം കാണാനെത്തിയാൽ ഇത്രയും വ്യത്യസ്തമായ പ്രാവുകൾ ഈ ലോകത്തുണ്ടോ എന്ന് സംശയിച്ചുപോവും. ഇവ മാത്രമല്ല, കണ്ണിനു മുകളിൽ മാത്രം വെളുത്ത തൂവലുകളണിഞ്ഞ് പാകിസ്താനിൽ നിന്നെത്തിയ ലാഹോറി പ്രാവും തലക്കു മുകളിൽ വെളുത്ത തൂവലുകളുള്ള മൂക്കീ പ്രാവും കഴുത്തിനു ചുറ്റും തൂവൽ തൊങ്ങലുകൾ കൊണ്ടലങ്കരിച്ച ക്യാപ്പുച്ചൈനും നീണ്ട കാലുകളുള്ള, കുളക്കോഴിയെപ്പോലെ കുണുങ്ങിനടക്കുന്ന മാൽടീസും കാലിനുചുറ്റും പൂപോലെ തൂവലുകളുള്ള പോമറേനിയൻ പൗട്ടറും കൊക്കിനു സമീപം മാംസപ്പൂവുള്ള ഇംഗ്ലീഷ് കാരിയറുമെല്ലാം പ്രദർശനത്തിൽ ശ്രദ്ധേയമായി. ഒരു ലക്ഷത്തിനുമേൽ വിലവരുന്ന ബൊക്കാറോ ആണ് കൂട്ടത്തിലെ വിലകൂടിയ താരം. സ്പാനിഷ് കൊറേറക്കും വില ഒട്ടും കുറവല്ല. 80,000 രൂപയാണ് ഇതിന്. യൂറോപ്പ്, യു.എസ്, യു.എ.ഇ, സൗദി, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രാവുകളാണ് ഏറെയും. ഒപ്പം ഇന്ത്യൻ ഇനങ്ങളുമുണ്ട്. നോബ്ൾ പീജിയൻ അസോസിയേഷൻ സംഘടിപ്പിച്ച പ്രാവ് പ്രദർശന-മത്സരത്തിൽ 34 ഇനങ്ങളിലായി 400ഓളം പ്രാവുകൾ പങ്കെടുത്തു. പ്രാവുകളെ വളർത്തുന്ന 75ഓളം പേരുമുണ്ടായിരുന്നു. ബംഗ്ലാദേശ്, ഒമാൻ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും കേരളത്തിെൻറ വിവിധ ജില്ലകളിൽനിന്നും എത്തിയവരാണിവർ. ബഹ്റൈനിൽ നിന്നുള്ള അക്ബർ അൽ സയ്യിദ്, നജീബ് റഫി, മഹ്മൂദ് അഫ്ര, ജമീൽ അൽശൈഖ്, മജീദ് ഖന്നാറ്റി എന്നിവരാണ് വിധികർത്താക്കൾ. ഡെപ്യൂട്ടി മേയർ മീര ദർശക് പ്രദർശനം ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് ജമീം അധ്യക്ഷത വഹിച്ചു. ഡോ. ഷിഹാബുദ്ദീൻ, സെന്തിൽ അരസു, ഡോ. ആസിഫ്, ലിജു പല്ലാൻ, സുകു അയ്യേരി എന്നിവർ സംസാരിച്ചു. സി.പി. അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. പ്രദർശനം ബുധനാഴ്ച വൈകീട്ട് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.