കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഷട്ടറുകൾ കേടുവരുന്നതും കനാലുകളിൽ മാലിന്യം നിക്ഷേപിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി ജില്ല ഭരണകൂടം. പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരം ജാമ്യമില്ല വകുപ്പിൽ ഉൾപ്പെടുത്തി ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ റൂറൽ എസ്.പിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിൽ 604 കി.മീ ദൂരത്തിൽ ജനുവരി നാലുമുതൽ ജലവിതരണം നടന്നുവരുകയാണ്. 40 വർഷത്തിലേറെ പഴക്കമുള്ള കനാലിൽ മൺഭിത്തികളും നീർച്ചാലുകളും പലയിടങ്ങളിലും അപകടാവസ്ഥയിലായതിനാൽ പൂർണമായ തോതിൽ വെള്ളം കടത്തിവിടാൻ സാധിക്കുകയില്ല. ബ്രാഞ്ച് കനാലുകളിൽ ഒന്നുമുതൽ രണ്ടാഴ്ചവരെ ഇടവിട്ടാണ് വെള്ളം തുറന്നുവിടുന്നത്. ഷട്ടറുകൾ ഉപയോഗിച്ചാണ് ഇത് നിയന്ത്രിക്കുന്നത്. ഇത്തരം ഷട്ടറുകളാണ് അടിക്കടി സാമൂഹികവിരുദ്ധർ തകർക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മറ്റ് മാലിന്യവും നിക്ഷേപിക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കലക്ടറുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.