കോഴിക്കോട്: മാനാഞ്ചിറ^വെള്ളിമാടുകുന്ന് റോഡ് വികസനത്തിെൻറ പേരിൽ കുടിയൊഴിക്കപ്പെട്ട കച്ചവടക്കാർക്കും തൊഴിലാളികൾക്കും സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക നൽകാത്തതിൽ പ്രതിഷേധിച്ച് റോഡ് വികസന പീഡിത കൂട്ടായ്മയുടെ പ്രതിഷേധ സ്മൃതിയാത്ര ബുധനാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ നടക്കാവ് ഗവ. യു.പി സ്കൂൾ പരിസരത്തുനിന്ന് ജില്ല കലക്ടറേറ്റിലേക്കാണ് പ്രതിഷേധയാത്ര സംഘടിപ്പിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. റോഡ് വികസനത്തിനുവേണ്ടി ഓരോ കാലത്തെയും സർക്കാറുകളുടെ വാഗ്ദാനം വിശ്വസിച്ച് ചതിക്കപ്പെട്ടവരാണ് തങ്ങളെന്നും ഇതുവരെയും ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്നും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടു ലക്ഷം രൂപ കച്ചവടക്കാരനും ആറുമാസത്തെ ചുരുങ്ങിയ വേതനം തൊഴിലാളിക്കും നൽകുമെന്നും ഉറപ്പുനൽകിയിരുന്നു. ഇതിനായി പ്രത്യേകഫണ്ട് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനനുസരിച്ച് 29 പേരാണ് മലാപ്പറമ്പിലും എരഞ്ഞിപ്പാലത്തുമായി ഒഴിഞ്ഞുകൊടുത്തത്. എന്നാൽ, വർഷങ്ങളായിട്ടും തങ്ങളുടെ കാര്യത്തിൽ നീതിപൂർവകമായ ഒരു നടപടിയും ഉണ്ടായില്ല. വികസനത്തിന് പിന്തുണ നൽകുന്ന തങ്ങളെപ്പോലുള്ള കച്ചവടക്കാർക്കും തൊഴിലാളികൾക്കും മൂന്നുലക്ഷം രൂപ അടിയന്തര സാമ്പത്തിക സഹായവും തൊഴിലാളികൾക്ക് ഒരുവർഷത്തെ വേതനവും സർക്കാർ ഭൂമിയിൽ പുനരധിവാസ പാക്കേജായി നൽകണമെന്നാണ് കൂട്ടായ്മയുടെ പ്രധാന ആവശ്യമെന്ന് ജനറൽ കൺവീനർ ഹനീഷ് പതിയേരി പറഞ്ഞു. ഷാഹുൽ ഹമീദ്, പ്രവീൺ ജെറാൾഡ്, പ്രശോഭ്, പ്രസാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.