തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ സുരക്ഷ സംവിധാനമൊരുക്കുമെന്ന് ടൂറിസം വകുപ്പ്. ടൂറിസം ജോ. ഡയറക്ടർ എം.വി. കുഞ്ഞിരാമനും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച അരിപ്പാറ സന്ദർശിച്ചു. അരിപ്പാറയിൽ അപകടമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം കോടഞ്ചേരി മേഖല സമിതി അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേതുടർന്നാണ് ജോ. ഡയറക്ടർ സ്ഥലം സന്ദർശിച്ചത്. 20 വിനോദ സഞ്ചാരികളാണ് ഇതുവരെ അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തിൽ മുങ്ങിമരിച്ചത്. വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ അനധികൃത പ്രവേശനമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമായതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ജോ. ഡയറക്ടർക്ക് മുന്നിൽ ചൂണ്ടിക്കാട്ടി. പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കുക, സുരക്ഷ മുന്നറിയിപ്പുകൾ പരിഷ്കരിക്കുക, സുരക്ഷക്കായി മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇവർ ഉന്നയിച്ചു. അരിപ്പാറയിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ടൂറിസം ജോ. ഡയറക്ടർ വ്യക്തമാക്കി. നിലവിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് ഗാർഡുമാർ മാത്രമാണുള്ളത്. കൂടുതൽ ജീവനക്കാരെ സുരക്ഷ ഡ്യൂട്ടിക്കായി ഏർപ്പെടുത്തും. അരിപ്പാറയിലെ ടൂറിസം വികസനത്തിനായി വകുപ്പ് ഫണ്ട് അനുവദിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് റോഡിനുള്ള ഭൂമിയും പുഴയുടെ തീരത്ത് അഞ്ച് സെൻറ് സ്ഥലവും വിട്ടുതന്നാൽ ടിക്കറ്റ് കൗണ്ടർ, നിരീക്ഷണകേന്ദ്രം, തൂക്കുപാലം എന്നിവ ടൂറിസം വകുപ്പ് നിർമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്ഥലം ഏറ്റെടുത്ത് നൽകാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്അന്നക്കുട്ടി ദേവസ്യ അധികൃതരെ അറിയിച്ചു. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം മേഖല പ്രസിഡൻറ് ജോയി മോളത്ത്, പി.ജെ. ജോൺ, എ.എസ്. ജോസ്, കെ.ജെ. മാനുവൽ, ജോൺ സാവിയോ, ഷാജി മുഖാലയിൽ, ജോസ് ഉന്നത്തിങ്കൽ എന്നിവർ ടൂറിസം ജോ. ഡയറക്ടറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.