വായ്പ തിരിച്ചടച്ച കർഷകന് ജപ്തി നോട്ടീസ്; വായ്പ തിരിച്ചടച്ചത് എട്ടു വർഷം മുമ്പെന്ന് കർഷകൻ പരിശോധിക്കുമെന്ന് അധികൃതർ തിരുവമ്പാടി: വായ്പ തിരിച്ചടച്ച കർഷകന് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ്. കാർഷിക വായ്പ തിരിച്ചടച്ച് എട്ടു വർഷത്തിനുശേഷമാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പുല്ലൂരാംപാറ കൊടക്കാട്ടുപാറയിലെ കർഷകനായ മാന്താനത്ത് രാജനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. എസ്.ബി.ടി (ഇപ്പോൾ എസ്.ബി.ഐ) തിരുവമ്പാടി ശാഖയിൽ നിന്നെടുത്ത വായ്പക്ക് താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാരാണ് നോട്ടീസയച്ചിരിക്കുന്നത്. 2008ലാണ് രണ്ട് അക്കൗണ്ടുകളിൽ രണ്ട് സ്‌കീമുകളിലായി 50,000 രൂപ വീതം ഒരു ലക്ഷം രൂപ വായ്പയെടുത്തത്. കൃഷിയിടത്തിലുണ്ടായിരുന്ന മരങ്ങൾ വിറ്റാണ് രണ്ട് വായ്പകളും തിരിച്ചടച്ചതെന്ന് രാജൻ പറഞ്ഞു. ഈട് നൽകിയ ആധാരം ബാങ്കിൽനിന്ന് തിരികെ ലഭിച്ചിരുന്നു. 2009 ജൂൺ 20, ജൂൈല 17 തീയതികളിൽ വായ്പ തിരിച്ചടച്ചതായി ബാങ്ക് പാസ് ബുക്കിൽ രേഖപ്പെടുത്തിയതായി കാണാം. 50,000 രൂപയും പലിശയും മറ്റു ചെലവുകളും തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം ജപ്തിനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസ്. എട്ടു വർഷത്തിനിടയിൽ ഇതുവരെ ഒരു വിധത്തിലുള്ള കത്തിടപാടും ബാങ്കിൽനിന്നുണ്ടായിട്ടില്ലത്രെ. തിരിച്ചടച്ച വായ്പയുടെ പേരിൽ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് ഈ കർഷകൻ. ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി തഹസിൽദാരെ നേരിൽകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി രാജൻ പറഞ്ഞു. ബാങ്കിനോട് വിശദീകരണം ചോദിക്കുമെന്നും തൽക്കാലം പണമടക്കേണ്ടതില്ലെന്നുമാണ് തഹസിൽദാർ ഇദ്ദേഹത്തെ അറിയിച്ചത്. അതേസമയം, വായ്പ തിരിച്ചടവ് ബാങ്ക് രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. വായ്പ തിരിച്ചടച്ച 2009ൽ അക്കൗണ്ട് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ കൊണ്ടുവന്ന് പരിശോധന നടത്താനാണ് ബാങ്കിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.