ഫറോക്ക്: കുടിവെള്ളം കിട്ടാക്കനിയായ കരുവൻതിരുത്തി മേഖലയിലെ 11 ഓളം ഡിവിഷനുകളിൽ അനധികൃതമായി സ്ഥാപിച്ച പൊതുടാപ്പുകൾ വിച്ഛേദിക്കും. നഗരസഭ അധ്യക്ഷ ടി. സുഹറാബി വിളിച്ചുചേർത്ത കൗൺസിലർമാരുടെയും ഗുണഭോക്താക്കളുടെയും യോഗത്തിലാണ് തീരുമാനം. 2000-ൽ സ്ഥാപിച്ച 66 പൊതുടാപ്പുകൾ നിലനിർത്തി മറ്റുള്ളവ ഉടനെ വിച്ഛേദിക്കും. കൂടാതെ വെസ്റ്റ് നല്ലൂർ ഭാഗത്തെ ടാങ്കിലേക്ക് ജപ്പാൻ പദ്ധതിയിലെ വെള്ളം കടത്തിവിടാൻ വാട്ടർ അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു. ഇവിടെ മെക്കാനിക്കൽ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വിതരണ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ച് കാത്തിരിക്കുകയാണെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ആസിഫ് പറഞ്ഞു. മഴ പെയ്തിട്ടും കടുത്ത ജലക്ഷാമം അനുഭവിക്കുന്ന കരുവൻതിരുത്തി മേഖലയിലെ സ്ത്രീകളടക്കം കഴിഞ്ഞദിവസം നഗരസഭ കാര്യാലയത്തിൽ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരസഭാധ്യക്ഷ മേഖലയിലെ കൗൺസിലർമാരുടെയും ഗുണഭോക്താക്കളുടെയും യോഗം ചൊവ്വാഴ്ച നഗരസഭ കാര്യാലയത്തിൽ വിളിച്ചത്. വെസ്റ്റ് നല്ലൂരിലെ കരുവൻതിരുത്തി ജലപദ്ധതിയിൽ നിന്നാണ് കരുവൻതിരുത്തി മേഖലയിലെ 11 ഓളം ഡിവിഷനുകളിൽ ജലവിതരണം നടത്തുന്നത്. നേരത്തെയുള്ള 66 പൊതുടാപ്പുകൾക്ക് പുറമെ നൂറുകണക്കിന് ടാപ്പുകൾ അനധികൃതമായി സ്ഥാപിച്ചതിനാൽ വിതരണശൃംഖലയുടെ അവസാനഭാഗത്തെ പ്രദേശങ്ങളിലേക്ക് കുടിവെള്ളം കിട്ടാതായതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തെക്കെതല, മുക്കാടി, ചെറുമാടുമ്മൽ, പൂതേരി പടന്ന, കരണ്ടോത്തിൽ, പാലക്കൽ, പുളിക്കൽതാഴം, തടത്തിൽ പ്രദേശങ്ങളിലാണ് കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. യോഗത്തിൽ മുന്നൂറിൽപരം ഗുണഭോക്താക്കൾ സംബന്ധിച്ചു. നഗരസഭാധ്യക്ഷ ടി. സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ, സ്ഥിരം സമിതി അധ്യക്ഷൻ ആസിഫ് പുളിയാളി, കൗൺസിലർമാരായ കെ.ടി. മജീദ്, റഹിം, സുജിത്ത്, കെ.പി. അഷറഫ്, കെ. മൊയ്തീൻ കോയ, പി.കെ.സലാം, നഗരസഭ സെക്രട്ടറി പി.ജെ. ജസിത എന്നിവർ സംസാരിച്ചു. .................... ku9
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.