കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കാൻ പോവുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച യോഗം ചേരും. മാസ്റ്റർ പ്ലാൻ വിശദമായി തീരുമാനിക്കാനും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് യോഗം. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിെൻറ വികസനത്തിനായി 100 കോടി രൂപ അനുവദിച്ചിരുന്നു. ആശുപത്രിയുടെ സമഗ്രമായ വികസനത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്ഉയർത്തുകയാണ് ലക്ഷ്യം. പുതിയ വാർഡുകൾ, ആധുനിക സൗകര്യങ്ങൾ, അസുഖം ഭേദമായവരെ പുനരധിവസിപ്പിക്കുന്നതിനായി റിഹാബിലിറ്റേഷൻ സെൻറർ തുടങ്ങിയവ ഇതിെൻറ ഭാഗമായി ഒരുക്കും. ആശുപത്രി വളപ്പിലെ മരങ്ങളൊന്നും വെട്ടിനശിപ്പിക്കാതെ പൂർണമായും പരിസ്ഥിതിസൗഹൃദമായ നിർമാണ പ്രവർത്തനങ്ങൾക്കായിരിക്കും ഊന്നൽനൽകുക. മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനും മറ്റുമായി ജില്ല കലക്ടർ ചെയർമാനായ ഗവ. ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. ട്രസ്റ്റ് അംഗങ്ങളായ എം.കെ. രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ട്രസ്റ്റ് സെക്രട്ടറിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. എൻ. രാജേന്ദ്രൻ, ട്രഷററും മെഡിക്കൽ കോളജ് സൂപ്രണ്ടുമായ ഡോ. കെ.ജി. സജിത്ത് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.